Sub Lead

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപും കൂട്ടു പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി

കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ദീലിപ് രാവിലെ 8.55 ഓടെ ഹാജരായിരിക്കുന്നത്. ദിലീപിനെ ക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്, അപ്പു,ബൈജു എന്നിവരും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപും കൂട്ടു പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി നടന്‍ ദിലീപ് ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ദീലിപ് രാവിലെ 8.55 ഓടെ ഹാജരായിരിക്കുന്നത്. ദിലീപിനെ ക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്, അപ്പു,ബൈജു എന്നിവരും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. ഒമ്പതു മണിയോടെ ദിലീപിനെയും കൂട്ടു പ്രതികളെയും ചോദ്യം ചെയ്യാന്‍ തുടങ്ങി

ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയ ദിലീപിനെ പ്രതികരണം തേടി മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചുവെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം ഓഫിസിലേക്ക് കയറിപ്പോകുകയായിരുന്നു.ആദ്യം ദിലീപിനെ ഒറ്റയ്ക്കിരുത്തിയാകും ചോദ്യം ചെയ്യുകയെന്നാണ് വിവരം. ഇതേ രീതിയില്‍ മറ്റു പ്രതികളെയും ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്യും. അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.ഇവരുടെ മൊഴികള്‍ പരിശോധിച്ചശേഷം പ്രതികളെ എല്ലാവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.ദിലീപും കൂട്ടുപ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ദിലീപിനെയും കൂട്ടു പ്രതികളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് നിരസിച്ചു.

രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഉണ്ടാകണമെന്നാണ് ദിലീപിനോടും കൂട്ടുപ്രതികളോടു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ചൊവ്വാഴ്ച വരെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.വ്യാഴാഴ്ച വരെ അറസ്റ്റു പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും സംബന്ധിച്ച റിപോര്‍ട്ട് വ്യാഴാഴ്ച മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.കോടതി ഇത് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.അന്വേഷണത്തില്‍ ഇടപെടരുതെന്ന് ദിലീപിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,സുഹൃത്ത് ബൈജു,ഒരു വി ഐ പി എന്നിവരടക്കമുള്ളവരാണ് മറ്റു പ്രതികള്‍.ഈ വി ഐ പി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.ഇയാളെ ചോദ്യം ചെയ്യാന്‍ നേരത്തെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നുവെങ്കിലും ഇയാള്‍ അതിന് തയ്യാറാകാതെ മൂന്‍കൂര്‍ ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലിപ് കണ്ടു,അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി,സാക്ഷികളെ സ്വാധീനിച്ചു എന്നിങ്ങനെയായിരുന്നു വെളിപ്പെടുത്തല്‍.തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ദിലീപിനെതിരെ അന്വേഷണം നടത്തി പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കുകയും ഇതനുസരിച്ച് ഈ മാസം 20 ന് അന്വേഷണ സംഘം അന്വേഷണ പുരോഗതി റിപോര്‍ട്ട് കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.കേസിനാധാരമായ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി.കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ദിലീപും കൂട്ടു പ്രതികളും ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി ദിലീപിനോട് നിര്‍ദ്ദേശിച്ചതും.

Next Story

RELATED STORIES

Share it