Sub Lead

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി നടപടികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഈ നടപടി റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി നടപടികള്‍ക്കെതിരേ  പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കനാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.

കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഈ നടപടി റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

ഹര്‍ജി നല്‍കിയതിന് പിറകെ വിചാരണ കോടതി നടപടികളിലുള്ള പ്രതിഷേധം കാരണം പ്രോസിക്യൂട്ടര്‍ രാജി വെച്ചിരുന്നു. ഈ സാഹചര്യം കോടതി പരിശോധിച്ചേക്കും. തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആറു മാസം നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തില്‍ ഉള്ളവരും തുടര്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയില്‍ പറയുന്നു. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ നടിയെ ആക്രമിച്ച വിവരങ്ങള്‍ സംസാരിച്ചുവെന്നും താനിത് റിക്കോര്‍ഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകള്‍ അടങ്ങിയ ഫോണാണ് കോടതിയില്‍ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്ക് പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20 ന് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി നിര്‍ദ്ദേശം.


Next Story

RELATED STORIES

Share it