Sub Lead

ഗസ്‌നിയും വീണു; താലിബാന് അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍

. ഒരാഴ്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനവും താലിബാന്റെ വരുതിയിലായതിനു പിന്നാലെയാണ് സമവായ നീക്കങ്ങളുമായി അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വന്നത്.

ഗസ്‌നിയും വീണു; താലിബാന് അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍
X

കാബൂള്‍: അഫ്ഗാനിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് സമവായ നീക്കങ്ങളുമായി കാബൂള്‍ ഭരണകൂടം. അധികാരത്തില്‍ താലിബാന് പങ്കാളിത്തം നല്‍കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ധാരണ. ഒരാഴ്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനവും താലിബാന്റെ വരുതിയിലായതിനു പിന്നാലെയാണ് സമവായ നീക്കങ്ങളുമായി അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ താലിബാന്‍ പ്രതികരിച്ചിട്ടില്ല. പകരമായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ താലിബാന് അധികാരം പങ്കിടാനുള്ള നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് അല്‍ജസീറയാണ് റിപോര്‍ട്ട് ചെയ്തത്. താലിബാന്റെ രാഷ്ട്രീയ ഓഫിസുള്ള, അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ വഴി താലിബാനുമുന്നില്‍ പരോക്ഷമായി അധികാര പങ്കാളിത്ത വാഗാദാനം അവതരിപ്പിച്ചതായി ഉന്നത വൃത്തങ്ങള്‍ അല്‍ ജസീറയോട് പറഞ്ഞു.

അതേസമയം, അഫ്ഗാനിലെ തന്ത്രപ്രധാന നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാന്‍ അറിയി്ച്ചു. തലസ്ഥാന നഗരമായ കാബൂളിന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് താലിബാന്‍ പിടിച്ചെടുക്കുന്നത്.

ഗവര്‍ണറുടെ ഓഫിസ്, പോലിസ് ആസ്ഥാനം, ജയില്‍ എന്നിവ താലിബാന്റെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗണ്‍സില്‍ നേതാവ് നാസിര്‍ അഹമ്മദ് ഫഖിരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗസ്‌നി നഗരം പിടിച്ചെടുത്തെന്ന് സമൂഹമാധ്യമങ്ങള്‍ വഴി താലിബാനും വ്യക്തമാക്കി. നഗരത്തില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം കടുപ്പിച്ചത്. രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കാബൂളിന് തൊട്ടടുത്തെ ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് സര്‍ക്കാറിന് തിരിച്ചടിയാകും. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

അതേസമയം, ദേശീയ അനുരഞ്ജനത്തിനായുള്ള ഹൈ കൗണ്‍സില്‍ ചെയര്‍മാനായ അബ്ദുല്ല അബ്ദുല്ല, ദോഹയില്‍ അമേരിക്ക, ചൈന, റഷ്യ, അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിവരികയാണ്.

Next Story

RELATED STORIES

Share it