Sub Lead

എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു

നിലവില്‍ തീവ്രഹിന്ദുത്വ നിലപാടിലേക്കുനീങ്ങുന്ന ബിജെപിക്കൊപ്പം നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന നിലാപാടിലാണ് എഐഎഡിഎംകെ

എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നു
X

ചെന്നൈ: മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാനൊരുങ്ങുന്നതായി സൂചന. അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചന തുടങ്ങിയതായാണ് വിവരം.

പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും ഇരട്ട നേതൃത്വത്തിന്‍കീഴിലായിരുന്നപ്പോള്‍ സഖ്യകക്ഷിയായ ബിജെപിക്ക് എഐഎഡിഎംകെയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നു.എന്നാല്‍ പളനിസ്വാമിപക്ഷം ബിജെപി ഇടപെടലില്‍ അസ്വസ്ഥരായിരുന്നു.

നിലവില്‍ തീവ്രഹിന്ദുത്വ നിലപാടിലേക്കുനീങ്ങുന്ന ബിജെപിക്കൊപ്പം നിന്ന് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന നിലാപാടിലാണ് എഐഎഡിഎംകെ.ബിജെപിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ തങ്ങള്‍ക്ക് കൂടി തിരിച്ചടിയാകുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു.ന്യൂനപക്ഷവോട്ടുകള്‍ കിട്ടിയില്ലെങ്കില്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു.ഈ വേളയിലാണ് ബിജെപിയെ വിട്ട് കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഐഎഡിഎംകെ ആലോചിക്കുന്നത്.പാര്‍ട്ടിനേതൃത്വം പിടിച്ചെടുത്തതിനുപിന്നാലെ മുന്‍നിരനേതാക്കളുടെ അനൗപചാരികയോഗംവിളിച്ച് പളനിസ്വാമി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.

എന്‍ഡിഎ സഖ്യത്തില്‍ തുടര്‍ന്നാല്‍ എഐഎഡിഎംകെ ഇല്ലാതാകുമെന്ന് നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് എഐഎഡിഎംകെ ജയിച്ചത്. തേനി മണ്ഡലത്തില്‍ ഒ പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒപി രവീന്ദ്രനാഥ് ആണ് ജയിച്ചത്. എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ അധികാരം പിടിച്ചതോടെ പനീര്‍ശെല്‍വവും അനുയായികളും പുറത്തായിട്ടുണ്ട്. ഫലത്തില്‍ എഐഎഡിഎംകെക്ക് ലോക്‌സഭയില്‍ അംഗങ്ങളില്ല.

സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ബൃഹദ് പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോകുകയാണ്. ഈ വേളയില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ എഐഎഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രസകക്തമാകും. ബിജെപി പ്രതിപക്ഷ റോളിലേക്ക് വരികയും ചെയ്യും. ഇക്കാര്യം ആശങ്കയോടെയാണ് എഐഎഡിഎംകെ നേതൃത്വം കാണുന്നത്.

മുന്നണിമാറ്റത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വവുമായി എഐഎഡിഎം നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.കോണ്‍ഗ്രസിന് 7 എംപിമാരുണ്ട്. ഈ സാഹചര്യത്തില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങി മല്‍സരിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസും കണക്കുകൂട്ടുന്നു.

Next Story

RELATED STORIES

Share it