Sub Lead

മരിച്ചെന്ന കിംവദന്തികള്‍ക്കിടെ വീഡിയോ സന്ദേശം പുറത്തുവിട്ട് അല്‍ഖാഇദ നേതാവ് ഡോ. സവാഹിരി

അല്‍ഖാഇദ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് സവാഹിരിയുടെ വീഡിയോ പുറത്തിറങ്ങിയതായി അറിയിച്ചത്.

മരിച്ചെന്ന കിംവദന്തികള്‍ക്കിടെ വീഡിയോ സന്ദേശം പുറത്തുവിട്ട് അല്‍ഖാഇദ നേതാവ് ഡോ. സവാഹിരി
X

കാബൂള്‍: മരിച്ചെന്ന കിംവദന്തികള്‍ക്കിടെ വീഡിയോ സന്ദേശം പുറത്തുവിട്ട് അല്‍ഖാഇദ നേതാവ് ഡോ. അയ്മാന്‍ അല്‍ സവാഹിരി. സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തിലാണ് സവാഹിരിയുടെ വീഡിയോ പുറത്തുവന്നത്.

അല്‍ഖാഇദ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വെബ്‌സൈറ്റുകള്‍ നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് സവാഹിരിയുടെ വീഡിയോ പുറത്തിറങ്ങിയതായി അറിയിച്ചത്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സവാഹിരി നിരവധി കാര്യങ്ങള്‍ പറയുന്നതായി സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് പറയുന്നു.

ജനുവരിയില്‍ സിറിയയില്‍ റഷ്യന്‍ സൈനികരെ ലക്ഷ്യമാക്കിയതുള്‍പ്പെടെ അല്‍ഖാഇദ ആക്രമണങ്ങളെ പ്രശംസിക്കുന്ന വീഡിയോയില്‍ 'ജറുസലേം ഒരിക്കലും ജൂതവല്‍ക്കരിക്കപ്പെടില്ല' എന്ന് സവാഹിരി പറയുന്നു.

20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതിനെക്കുറിച്ചും സവാഹിരി സൂചിപ്പിച്ചതായി സൈറ്റ് പറഞ്ഞു. 2020 ഫെബ്രുവരിയില്‍ താലിബാനുമായുള്ള പിന്‍മാറല്‍ കരാര്‍ ഒപ്പുവച്ചതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അടുത്തിടെ റെക്കോര്‍ഡ് ചെയ്തതാണ് എന്ന് ഉറപ്പിക്കാനാകില്ലെന്ന് വെബ്‌സൈറ്റിന്റെ നിരീക്ഷണം.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനും തലസ്ഥാനമായ കാബൂളും താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ച് വീഡിയോയില്‍ അല്‍ സവാഹിരി ഒന്നും പറയുന്നില്ലെന്നും സൈറ്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വടക്കന്‍ സിറിയന്‍ നഗരമായ റക്കയുടെ അരികില്‍ റഷ്യന്‍ സൈനികരെ ലക്ഷ്യമാക്കി ജനുവരി ഒന്നിന് നടന്ന ആക്രമണത്തെകുറിച്ച് പറയുന്നുണ്ട്.അസുഖം മൂലം സവാഹിരി മരിച്ചതായി 2020 അവസാനം മുതല്‍ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍, യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് അതിന് തെളിവു കണ്ടെത്താനായിരുന്നില്ല. ഉസാമ ബിന്‍ലാദിന്റെ മരണത്തിനുശേഷമാണ് സവാഹിരി അല്‍ഖാഇദയുടെ നേതൃസ്ഥാനത്തെത്തിയത്. അമേരിക്ക ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു.

Next Story

RELATED STORIES

Share it