Sub Lead

'സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാം'; യോഗി സര്‍ക്കാരിനെ തിരുത്തി അലഹാബാദ് ഹൈക്കോടതി

സല്‍മാന്‍-ശിഖ ദമ്പതികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. വര്‍ഗീയ ധ്രൂവീകരണ ലക്ഷ്യത്തോടെ മിശ്ര വിവാഹത്തില്‍ ഇടപെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.

സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാം;   യോഗി സര്‍ക്കാരിനെ തിരുത്തി അലഹാബാദ് ഹൈക്കോടതി
X

ന്യൂഡല്‍ഹി: 'ലൗ ജിഹാദ്' കേസില്‍ യോഗി സര്‍ക്കാരിനെ തിരുത്തി അലഹാബാദ് ഹൈക്കോടതി. മുസ് ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചത് തടഞ്ഞ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റേയും യുപി പോലിസിന്റേയും നടപടിയിലാണ് കോടതി ഇടപെടല്‍. ഇതര മതസ്ഥര്‍ തമ്മില്‍ നടന്ന വിവാഹം റദ്ദാക്കാനാവില്ലെന്നും സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നും അലഹാബാദ് കോടതി ജഡ്ജിമാരായ പങ്കജ് നഖ് വിയും വിവേക് അഗര്‍വാളും വ്യക്തമാക്കി.

സല്‍മാന്‍-ശിഖ ദമ്പതികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. വര്‍ഗീയ ധ്രൂവീകരണ ലക്ഷ്യത്തോടെ മിശ്ര വിവാഹത്തില്‍ ഇടപെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി.

സെപ്തംബര്‍ ഏഴിനാണ് ശിഖയെ തട്ടിക്കൊണ്ട് പോയെന്ന ബന്ധുക്കളുടെ പരാതിയില്‍ സല്‍മാനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കസ്റ്റഡിയില്‍ വിടാന്‍ ഇറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിനെതിരേ ദമ്പതികള്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശിഖയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഹൈക്കോടതി അവര്‍ക്ക് പ്രായപൂര്‍ത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേയും പോലിസിന്റേയും നടപടികളെ ഹൈക്കോടതി വിമര്‍ശിച്ചു. എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നും പോലിസിന് നിര്‍ദേശം നല്‍കി.

മിശ്ര വിവാഹ ദമ്പതികളെ ഉപദ്രവിക്കുന്നതും പ്രായപൂര്‍ത്തിയായെങ്കിലും ഭര്‍ത്താവിനൊപ്പം ജീവിക്കാനുള്ള ഒരു സ്ത്രീയുടെ ആഗ്രഹത്തെ ദുര്‍ബലപ്പെടുത്തുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്. മിശ്ര വിവാഹങ്ങള്‍ക്ക് റദ്ദാക്കുന്നതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. 'ലൗ ജിഹാദ്' തടയാനെന്ന പേരില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയമം പാസാക്കിയതിനെ തുടര്‍ന്ന് ഒരുമാസത്തിനിടെ 32 മുസ് ലിം യുവാക്കള്‍ക്കെതിരേയാണ് യുപി പോലിസ് കേസെടുത്തത്. പൗരത്വ നിയമം പോലെ തന്നെ മുസ് ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് 'ലൗ ജിഹാദ്' നിയമമെന്ന ആക്ഷേപം ശക്തമാണ്. ഇത് ശരിവക്കുന്നതാണ് യുപിയില്‍ സമീപകാലത്തായി നടക്കുന്ന സംഭവങ്ങളും അറസ്റ്റുകളും.

Next Story

RELATED STORIES

Share it