Sub Lead

ഡോ.കഫീല്‍ഖാന് വീണ്ടും സസ്‌പെന്‍ഷന്‍; യുപി സര്‍ക്കാരിന്റെ ഉത്തരവിന് അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ

2017ലാണ് ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യവെ കഫീല്‍ഖാനെ ആദ്യം സസ്‌പെന്റ് ചെയ്യുന്നത്. ഓക്‌സിജനില്ലാത്ത സാഹചര്യത്തില്‍ സ്വന്തം പണം ഉപയോഗിച്ച് സിലിണ്ടറുകളെത്തിച്ച് അറുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഡോ.കഫീല്‍ഖാന് വീണ്ടും സസ്‌പെന്‍ഷന്‍; യുപി സര്‍ക്കാരിന്റെ ഉത്തരവിന് അലഹബാദ് ഹൈക്കോടതിയുടെ സ്റ്റേ
X

ലഖ്‌നോ: ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ഖാനെ രണ്ടാമതും സസ്‌പെന്റ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2017ലാണ് ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യവെ കഫീല്‍ഖാനെ ആദ്യം സസ്‌പെന്റ് ചെയ്യുന്നത്. ഓക്‌സിജനില്ലാത്ത സാഹചര്യത്തില്‍ സ്വന്തം പണം ഉപയോഗിച്ച് സിലിണ്ടറുകളെത്തിച്ച് അറുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതെത്തുടര്‍ന്നാണ് ഓക്‌സിജനില്ലാതായതിന്റെ ഉത്തരാവദിത്തം കഫീല്‍ഖാനാണെന്ന് ആരോപിച്ച് യുപി സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. കഫീല്‍ഖാനെതിരേയുള്ള യുപി സര്‍ക്കാരിന്റെ വേട്ട ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കി.

എന്നാല്‍, അതേ വര്‍ഷംതന്നെ ബഹ്‌റൈച്ച് ജില്ലയിലെ ആശുപത്രിയില്‍ രോഗികളെ നിര്‍ബന്ധിച്ച് ചികില്‍സിച്ചെന്നാരോപിച്ച് ഡോ. കഫീല്‍ഖാനെ യുപി സര്‍ക്കാര്‍ വീണ്ടും സസ്‌പെന്റ് ചെയ്ത് പകവീട്ടുകയായിരുന്നു. ഈ നടപടിയാണ് അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. 2018 ല്‍ ചില വിദേശികളുമായി ഖാന്‍ ആശുപത്രിയുടെ പീഡിയാട്രിക് വിഭാഗത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നു. 2017 ലെ സംഭവത്തില്‍ ഇതിനകം സസ്‌പെന്‍ഷനിലായതിനാല്‍ സമാനമായ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

തന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു, എന്നാല്‍, തനിക്കെതിരായ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഖാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഡോ. കഫീല്‍ഖാന്റെ സസ്‌പെന്‍ഷന്‍ മറ്റൊരു കേസിലെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് തുടരുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നേരത്തെയുള്ള സസ്‌പെന്‍ഷന്‍ ഉത്തരവിനു പുറമെ മറ്റൊരു കേസില്‍കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇുവരെയും നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ മനീഷ് ഗോയല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതോടെ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സപ്തംബര്‍ 9ന് നടന്ന വാദം കേള്‍ക്കലില്‍ ഹൈക്കോടതി യുപി അധികൃതരോട് നിര്‍ദേശിച്ചു. ഹരജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍ അച്ചടക്ക അതോറിറ്റിക്ക് അന്വേഷണം അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഗൊരഖ്പൂരിലെ ആശുപത്രിയില്‍നിന്ന് നാല് വര്‍ഷത്തിലേറെയായി ഖാനെ സസ്‌പെന്റ് ചെയ്തത നടപടിക്ക് വിശദീകരണം നല്‍കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആഗസ്തിലും ആവശ്യപ്പെട്ടിരുന്നു. താന്‍ ഒഴികെ കുട്ടികളുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്തവരെല്ലാം തിരിച്ചെടുത്തിട്ടുണ്ടെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞതോടെയാണ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞത്. മെഡിക്കല്‍ അശ്രദ്ധ, അഴിമതി, ഡ്യൂട്ടിയിലെ വീഴ്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഖാനെ ഒമ്പത് മാസം യുപി സര്‍ക്കാര്‍ ജയിലിലടച്ചത്.

Next Story

RELATED STORIES

Share it