Sub Lead

മുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ കോടതി ജഡ്ജി

മുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ കോടതി ജഡ്ജി
X

ലഖ്‌നോ: മുസ് ലിം അഭിഭാഷകനോട് മതപരമായ വിവേചനം കാട്ടുകയും മുസ് ലിം സമുദായത്തെക്കുറിച്ച് തന്റെ ഉത്തരവുകളില്‍ വിവേചനപരമായ നിരീക്ഷണങ്ങള്‍ നടത്തിയതിനും ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ കോടതി ജഡ്ജി. മുസ് ലിം പണ്ഡിതര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠിയാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷമീം അഹമ്മദിന്റെ ബെഞ്ച് മുമ്പാകെ മാപ്പുപറഞ്ഞത്. മുസ് ലിം പണ്ഡിതരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കും മറ്റുമെതിരേ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചുമത്തിയ കേസിലാണ് സംഭവം. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് തള്ളിയിരുന്നു. പ്രാര്‍ഥനയ്ക്ക് പോവുന്ന അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാവണമെന്നും ഉത്തരവിട്ടു. പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്‌ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല. വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്‌റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന ജഡ്ജിയുടെ നിരീക്ഷണത്തെയും ഹൈക്കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ വിലക്കുകയും ചെയ്തു. ത്രിപാഠിയുടെ നടപടി മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ കോടതിയുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വിവേചനം കാണിക്കുന്നതാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മതം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയോടും ഭരണകൂടം വിവേചനം കാണിക്കില്ലെന്ന് ആര്‍ട്ടിക്കിള്‍ 15 ഉറപ്പുനല്‍കുന്നു. ത്രിപാഠി മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തോട് 'വ്യക്തമായ വിവേചനം' കാണിച്ചതായും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആശ്രയിക്കുന്ന തെളിവുകളുടെ ഇലക്ട്രോണിക് പകര്‍പ്പുകള്‍ പ്രതികള്‍ക്ക് നല്‍കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സീസറിന്റെ ഭാര്യയെപ്പോലെ ഒരു ജഡ്ജിയും സംശയത്തിന് അതീതനായിരിക്കണം. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത അത് കൈകാര്യം ചെയ്യുന്ന ജഡ്ജിമാരെ ആശ്രയിച്ചിരിക്കുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ത്രിപാഠി സിംഗിള്‍ ജഡ്ജി ബെഞ്ചിന് മുമ്പാകെ ഹാജരാവുകയും തന്റെ പെരുമാറ്റത്തിന് നിരുപാധികം മാപ്പ് പറയുകയുമായിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും ത്രിപാഠി കോടതിയില്‍ പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് 18ലേക്കു മാറ്റി.

Next Story

RELATED STORIES

Share it