Sub Lead

കശ്മീരിലെ മനുഷ്യാവകാശ ലംഘനം: സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബ്രിട്ടന്‍

ആഗസ്ത് ഏഴിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചതായും കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി.

കശ്മീരിലെ  മനുഷ്യാവകാശ ലംഘനം:  സുതാര്യവും സമഗ്രവുമായ അന്വേഷണം വേണമെന്ന് ബ്രിട്ടന്‍
X

ലണ്ടന്‍: ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉടന്‍ സമഗ്രമവും സുതാര്യമായ അന്വേഷണം വേണമെന്ന് ബ്രിട്ടന്‍. ആഗസ്ത് ഏഴിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചതായും കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി.

നീണ്ട വേനലവധിക്കു ശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ സെഷനില്‍ എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തടങ്കലില്‍ വയ്ക്കല്‍, മോശമായി പെരുമാറല്‍, ആശയവിനിമയോപാധികള്‍ തടസ്സപ്പെടുത്തല്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ആശങ്ക പങ്കുവച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം, കശ്മീരിലെ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്വമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളും കടുത്ത ആശങ്കയുളവാക്കുന്നതാണ്. ഇവയെക്കുറിച്ച് സമഗ്രമായും വേഗത്തിലും സുതാര്യമായും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായിയിട്ടുണ്ട്. കശ്മീര്‍ തര്‍ക്കം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇതിനെ അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നം കേവലം ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ ഉഭയകക്ഷി പ്രശ്‌നമോ ആഭ്യന്തര പ്രശ്‌നമോ അല്ലെന്നും ഇത് ഒരു അന്താരാഷ്ട്ര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ ഇന്ത്യ പാലിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്ന് പതീക്ഷിക്കുന്നതായും കശ്മീരി വംശജര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന തെക്ക്കിഴക്കന്‍ ഇംഗ്ലണ്ടിലെ വൈകോംബിനെ പ്രതിനിധീകരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി സ്റ്റീവ് ബേക്കറിന്റെ ചോദ്യത്തിനു മറുപടിയായി ഡൊമിനിക് റാബ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it