Sub Lead

ജാമ്യം കിട്ടാന്‍ ആരോഗ്യം മോശമെന്ന് കോടതിയില്‍; പിന്നാലെ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്, ബിജെപി എംപി പ്രഗ്യാ സിങ് വീണ്ടും വിവാദത്തില്‍ (വീഡിയോ)

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിങ് ജാമ്യം നേടിയത് അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് പ്രഗ്യാ സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. നടക്കാന്‍പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും ചക്രക്കസേര ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാനാവൂ എന്നാണ് എംപി കോടതിയില്‍ പറഞ്ഞത്.

ജാമ്യം കിട്ടാന്‍ ആരോഗ്യം മോശമെന്ന് കോടതിയില്‍; പിന്നാലെ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്, ബിജെപി എംപി പ്രഗ്യാ സിങ് വീണ്ടും വിവാദത്തില്‍ (വീഡിയോ)
X

ഭോപാല്‍: അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതിയില്‍നിന്ന് ജാമ്യം നേടിയെടുത്ത ബിജെപി നേതാവും എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ വിവാഹവീട്ടില്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. നേരത്തെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ പന്തുതട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രഗ്യയുടെ ഡാന്‍സും വിവാദത്തിലായിരിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രഗ്യാ സിങ് ജാമ്യം നേടിയത് അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് പ്രഗ്യാ സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. നടക്കാന്‍പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും ചക്രക്കസേര ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാനാവൂ എന്നാണ് എംപി കോടതിയില്‍ പറഞ്ഞത്.

എന്നാല്‍, പ്രഗ്യയുടെ ഭോപാലിലെ വസതിയില്‍ നടന്ന വിവാഹച്ചടങ്ങിനിടെ സിനിമാ ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന പ്രഗ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ദരിദ്രകുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ വിവാഹമാണ് എംപിയുടെ വസതിയില്‍ നടന്നത്. വിവാഹച്ചടങ്ങിന് പിന്നാലെ നടന്ന ആഘോഷത്തിനിടെയാണ് പ്രഗ്യാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ചത്. വളരെ സന്തോഷത്തോടെയാണ് വിവാഹം നടന്നതെന്നും ഞങ്ങള്‍ അനുഗ്രഹീതരാണെന്നും വധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കല്യാണം സംഘടിപ്പിച്ചതില്‍ ഭോപാല്‍ എംപിയോട് നന്ദിയുണ്ടെന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് പറഞ്ഞു.

അതേസമയം, ഈ വീഡിയോ വന്നതിന് പിന്നാലെ പ്രഗ്യയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഭോപാല്‍ എംപി പ്രഗ്യാ സിങ് താക്കൂര്‍ എപ്പോഴൊക്കെ നാം കാണുമ്പോഴും അവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുകയോ അതല്ലെങ്കില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുകയോ ആയിരിക്കും. അത് കാണുമ്പോള്‍ നമുക്കും സന്തോഷം തോന്നുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ജൂലൈ ഒന്നിന് പ്രഗ്യാ സിങ് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ പന്ത് തട്ടുന്നതിന്റെ വീഡിയോ സലൂജ പങ്കുവച്ചിരുന്നു.

ഭോപാല്‍ എംപി പ്രഗ്യാ താക്കൂറിനെ വീല്‍ചെയറില്‍ മാത്രം ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഇന്ന് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കണ്ടതില്‍ ഞങ്ങള്‍ക്ക് വളരെയേറെ സന്തോഷമുണ്ട്. പരിക്ക് കാരണം അവര്‍ക്ക് നടക്കാനോ ശരിയായി നില്‍ക്കാനോ കഴിയില്ലെന്ന് ഇതുവരെ ഞങ്ങള്‍ക്കറിയാമായിരുന്നു? ദൈവം എപ്പോഴും അവരെ ആരോഗ്യത്തോടെ നിലനിര്‍ത്തട്ടെ- എന്നായിരുന്നു സലൂജയുടെ പരിഹാസം. വിവാദവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തി പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള എംപിയാണ് പ്രഗ്യാ സിങ്.

രാജ്യത്തെ ഞെട്ടിച്ച 2008 ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിങ് ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസില്‍ 9 വര്‍ഷം ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. 2017ലാണ് പ്രഗ്യയ്ക്ക് ജാമ്യം ലഭിച്ചത്. വടക്കന്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മലേഗാവ് പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it