Sub Lead

പാനായിക്കുളം വിധിക്കെതിരായ അപ്പീല്‍: അന്തിമവാദം 18ന് ആരംഭിക്കും

ഇന്ന് കേസ് പരിഗണിച്ച കൊടതി വിശദവാദത്തിനായി 18 ലേക്ക് മാറ്റുകയായിരുന്നു. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍, അന്‍സാര്‍, ഷാദുലി എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്.

പാനായിക്കുളം വിധിക്കെതിരായ അപ്പീല്‍: അന്തിമവാദം 18ന് ആരംഭിക്കും
X

പി സി അബ്ദുല്ല

കോഴിക്കോട്: 2006 ആഗസ്ത് 15ന് ആലുവായ്ക്കടുത്ത് പാനായിക്കുളത്ത് സിമി ക്യാംപ് നടത്തിയെന്ന പേരില്‍ എന്‍ഐഎ കോടതി ശിക്ഷിച്ചവരുടെ അപ്പീലില്‍ ഈമാസം 18ന് ഹൈക്കോടതിയില്‍ അന്തിമവാദം ആരംഭിക്കും. ഇന്ന് കേസ് പരിഗണിച്ച കൊടതി വിശദവാദത്തിനായി 18 ലേക്ക് മാറ്റുകയായിരുന്നു. പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍, അന്‍സാര്‍, ഷാദുലി എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്.

റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍ഐഎ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍നിന്നുണ്ടായതെന്നാണ് അപ്പീലില്‍ പറയുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തത്. യാതൊരു അത്യാഹിതവും സംഭവിക്കാത്ത പരിപാടിയില്‍ പ്രസംഗത്തിന്റെ പേരിലാണ് തീവ്രവാദമാരോപിച്ച് കേസെടുത്തത്. പോലിസുദ്യോഗസ്ഥനും കെഎസ്ആര്‍ടിസി ജീവനക്കാരനുമടക്കമുള്ള സര്‍ക്കാര്‍ ആശ്രിതരെ സാക്ഷികളാക്കിയതും ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്കുചെയ്ത് പരിപാടി നടത്തിയത് രഹസ്യക്യാംപായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നും അപ്പീല്‍ ഹരജിയില്‍ പറയുന്നു.

വിവിധ വകുപ്പുകള്‍ക്കുള്ള ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന വിചാരണക്കോടതി ഉത്തരവാണ് ശിക്ഷ 14 വര്‍ഷം വരെയായി ഉയര്‍ത്തിയത്. ഒന്നിനുപിറകെ ഒന്നായി ശിക്ഷ അനുഭവിക്കണമെന്നത് ക്രിമിനല്‍ നടപടിക്രമത്തിനെതിരാണെന്നു അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞത് സാക്ഷിമൊഴികളില്‍നിന്നല്ല എന്നതാണ് വിചാരണ കോടതിയുടെ നിഗമനം. രാജ്യദ്രോഹക്കുറ്റവും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലല്ല കോടതി കണ്ടെത്തിയത്. സംഭവത്തിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞു നിയമിച്ച പ്രത്യേക അന്വേഷണസംഘമാണ് രാജ്യദ്രോഹപരമെന്നു പറഞ്ഞ പ്രസംഗം തയ്യാറാക്കിയതെന്ന സാക്ഷിമൊഴി കോടതി പരിഗണിച്ചിട്ടില്ല. യോഗം അവസാനിപ്പിക്കുന്ന വേളയില്‍ സ്ഥലത്തെത്തിയ പോലിസിന്റെ മൊഴിയെ ആശ്രയിച്ച് കോടതിയുടെ നിഗമനങ്ങള്‍ മറ്റു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബോധിപ്പിക്കും. നിരോധിതസംഘടനയിലെ അംഗങ്ങളാണെന്ന കണ്ടെത്തല്‍ പോലിസ് ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

തെളിവായി മൂന്നുവര്‍ഷത്തിനുശേഷം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ക്ക് യാതൊരു പിന്‍ബലവുമില്ല. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ വസ്തുനിഷ്ഠമല്ലെന്നും പ്രതികളില്‍നിന്നു കണ്ടെടുത്ത തൊണ്ടിമുതലുകള്‍ അറസ്റ്റിനു മുമ്പുതന്നെ സംഘടിപ്പിച്ചതാണെന്നും പോലിസ് രേഖകളില്‍ നിന്നു വ്യക്തമാണെന്നും അപ്പീല്‍ ഹരജിയില്‍ ആരോപിക്കുന്നു. റാസിഖ്, ഷമ്മാസ്, നിസാമുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് ലിസ്റ്റ് ചെയ്തിരിരുന്നു. ഈ ഘട്ടത്തിലാണ് 18ന് അപ്പീലില്‍ അന്തിമവാദം തുടങ്ങാമെന്ന് കോടതി അറിയിച്ചത്. ശാദുലിയും അന്‍സാറും വാഗമണ്‍, ഇന്‍ഡോര്‍ സിമി കേസുകളില്‍ ശിക്ഷിക്കപ്പട്ടതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല. അഡ്വ. കെ പി മുഹമ്മദ് ഷരീഫ്, വി ടി രഘുനാഥ് എന്നിവരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുന്നത്.




Next Story

RELATED STORIES

Share it