Sub Lead

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മല്‍സരിക്കുമെന്ന് കെ എം ഷാജി

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മല്‍സരിക്കുമെന്ന് കെ എം ഷാജി
X
കണ്ണൂര്‍: മുസ് ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടാല്‍ അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും മല്‍സരിക്കുമെന്ന് കെ എം ഷാജി എംഎല്‍എ. കണ്ണൂര്‍, അഴീക്കോട് സീറ്റുകള്‍ വച്ച് മാറുന്നതില്‍ തീരുമാനമായിട്ടില്ല. സുരക്ഷിത മണ്ഡലം തേടിപ്പോവില്ല. വിജിലന്‍സ് കേസിനെ ഭയമില്ലെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയതിനാല്‍ കോടതി അയോഗ്യത കല്‍പ്പിക്കുകയും പ്ലസ് ടു കോഴ, അനധികൃ സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വിജിലന്‍സിന്റെയും അന്വേഷണം നേരിടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജി മല്‍സരിക്കില്ലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. മുസ് ലിം ലീഗാവട്ടെ അഴീക്കോട് ജയസാധ്യത കുറവാണെന്നു മനസ്സിലാക്കി കണ്ണൂര്‍ മണ്ഡലം വച്ചുമാറാന്‍ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം തന്നെ മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി മല്‍സരിച്ചേക്കുമെന്നും ഷാജി കാസര്‍കോട്, കോഴിക്കോട് ജില്ലകളിലേക്ക് മാറിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഇരുജില്ലകളിലും എതിര്‍പ്പുയര്‍ന്നതോടെയാണ് അഴീക്കോട് വീണ്ടും മല്‍സരിക്കാന്‍ സന്നദ്ധനാണെന്നു വ്യക്തമാക്കി ഷാജി രംഗത്തെത്തിയതെന്നാണു സൂചന.

കാലങ്ങളായി സിപിഎം ജയിച്ചുവന്നിരുന്ന അഴീക്കോട് മണ്ഡലം യുഡിഎഫ് സിഎംപിക്കായിരുന്നു നല്‍കിയിരുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം കെ എം ഷാജി മല്‍സരിച്ചപ്പോള്‍ സിപിഎമ്മിലെ പ്രകാശന്‍ മാസ്റ്ററെയും കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെയും ഷോജി തോല്‍പ്പിച്ചു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതവികാരം ഉണര്‍ത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ വിതരണം ചെയ്തതിനു ഷാജിയെ കോടതി അയോഗ്യനാക്കിയത്. പിന്നാലെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു മുസ് ലിം ലീഗ് പ്രാദേശിക നേതൃത്വം ആരോപിച്ചതോടെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തന്നെ അഴീക്കോട് ചാലാടിനു പുറമെ കോഴിക്കോട്ട് നിര്‍മിച്ച ബഹുനില വീടിനെ കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ചു ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് അഴീക്കോട് നിന്ന് കെ എം ഷാജിയെ മാറ്റാന്‍ ലീഗ് നേതൃത്വം ആലോചിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

Azhikode will contest if the party wants: KM Shaji


Next Story

RELATED STORIES

Share it