Sub Lead

ബദ്‌ലപൂര്‍ ഏറ്റുമുട്ടല്‍ കൊല വ്യാജമെന്ന് മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപോര്‍ട്ട്; അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം അഞ്ച് പോലിസുകാര്‍ക്കെതിരേ കൊലക്കേസ്

ഒരു പോലിസുകാരന്‍ മുംബൈ പോലിസിലെ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രദീപ് ശര്‍മയുടെ സംഘത്തിലുണ്ടായിരുന്നു

ബദ്‌ലപൂര്‍ ഏറ്റുമുട്ടല്‍ കൊല വ്യാജമെന്ന് മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപോര്‍ട്ട്; അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം അഞ്ച് പോലിസുകാര്‍ക്കെതിരേ കൊലക്കേസ്
X

മുംബൈ: സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ ആരോപണവിധേയനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പോലിസ് വാദം തെറ്റാണെന്ന് കണ്ടെത്തി. ആരോപണവിധേയനെ പോലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് മജിസ്‌ട്രേറ്റ് ബോംബൈ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് അഞ്ച് പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. താനെ ക്രൈംബ്രാഞ്ചിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായ സഞ്ജയ് ഷിന്‍ഡെ, അസിസ്റ്റന്റ് കമ്മീഷണര്‍ നിലേഷ് മോറെ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അഭിജിത് മോറെ, ഹരീഷ് താവഡെ, പോലിസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരായണ് കേസെടുത്തിരിക്കുന്നത്.


ഏറ്റുമുട്ടലില്‍ പരിക്കേറ്റെന്ന് പറഞ്ഞ് എസിപി നിലേഷ് മോറെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ശിവസേന നേതാക്കള്‍ സന്ദര്‍ശിക്കുന്നു



ഏറ്റുമുട്ടലില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന സഞ്ജയ് ഷിന്‍ഡെ ആരാധകരില്‍ നിന്നും പുഷ്പം സ്വീകരിക്കുന്നു

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ നാലുവയസുള്ള രണ്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2024 ആഗസ്റ്റ് 16നാണ് സ്‌കൂളിലെ തൂപ്പുകാരനായ അക്ഷയ് ഷിന്‍ഡെയെ (23) അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമായിരുന്നു കേസ്. തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടന്നു. പ്രതിഷേധക്കാര്‍ ട്രെയ്ന്‍ സര്‍വീസുകളെല്ലാം തടയുകയും പോലിസുമായി ഏറ്റുമുട്ടുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ നിരവധി പോലിസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന് ശേഷം സെപ്റ്റംബര്‍ 23ന് അക്ഷയ് ഷിന്‍ഡെയെ പോലിസ് വെടിവെച്ചു കൊന്നു. കേസന്വേഷണത്തിന്റെ ഭാഗമായി തലോജ ജയിലില്‍ നിന്ന് പുറത്തുകൊണ്ടപോയപ്പോള്‍ പോലിസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്ത് അക്ഷയ് വെടിവെച്ചെന്നും പ്രത്യാക്രമണത്തില്‍ അക്ഷയ് കൊല്ലപ്പെട്ടെന്നുമാണ് പോലിസ് അറിയിച്ചത്. അക്ഷയുടെ വെടിയേറ്റ് അസിസറ്റന്റ് പോലിസ് കമ്മീഷണര്‍ നിലേഷ് മോറെ, ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഷിന്‍ഡെ എന്നിവര്‍ക്ക് പരിക്കേറ്റെന്നും പോലിസ് അറിയിച്ചു.

എന്നാല്‍, പ്രദേശത്തെ സ്വകാര്യസ്‌കൂളുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തന്റെ മകനെ വ്യാജപീഡനക്കേസില്‍ പ്രതിയാക്കി വെടിവെച്ചു കൊല്ലുകയാണുണ്ടായതെന്ന് വാദിച്ച് അക്ഷയ് ഷിന്‍ഡെയുടെ മാതാപിതാക്കള്‍ സര്‍ക്കാരിന് നിവേദനം നല്‍കി. മകന്‍ കേസില്‍ പ്രതിയായ ശേഷം ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടെന്നും ഇപ്പോള്‍ തെരുവില്‍ ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും സര്‍ക്കാരിനെ അറിയിച്ചു. ഈ നിവേദനത്തിലാണ് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവായത്.

ഈ കൊലപാതകം ക്രൂരമായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് മജിസ്‌ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കില്‍ അക്ഷയ് ഷിന്‍ഡെയുടെ വിരലടയാളം പോലുമില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപോര്‍ട്ട് പറയുന്നു.

കേസില്‍ പ്രതിയാക്കപ്പെട്ട സഞ്ജയ് ഷിന്‍ഡെ മുംബൈ പോലിസിലെ കുപ്രസിദ്ധ വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ദാനായ പ്രദീപ് ശര്‍മയുടെ സംഘത്തിലെ അംഗമായിരുന്നു.


പ്രദീപ് ശര്‍മ

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ പിടികൂടിയ സംഘത്തിലും ഇയാളുണ്ടായിരുന്നു. മുംബൈയില്‍ 112 പേരെ വെടിവെച്ചു കൊന്ന പ്രദീപ് ശര്‍മയെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it