Sub Lead

ഊബറിനും ഒലക്കും ആപ്പുമായി ഓട്ടോ തൊഴിലാളികളുടെ ആപ്പ്

ഒല, ഊബര്‍ കമ്പനികളുടെ തൊഴിലാളി ചൂഷണത്തിനെതിരേ 'നമ്മ യാത്രി' (Namma Yathri) ആപ്പുമായി ബംഗളുരുവിലെ ഓട്ടോ തൊഴിലാളി യൂനിയനായ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയന്‍ (എആര്‍ഡിയു) ആണ് മുന്നോട്ട് വന്നിട്ടുള്ളത്.

ഊബറിനും ഒലക്കും ആപ്പുമായി ഓട്ടോ തൊഴിലാളികളുടെ ആപ്പ്
X

ബംഗളൂരു: ഓണ്‍ലൈന്‍ യാത്ര ആപ്പുകളുടെ കുത്തകയെ വെല്ലുവിളിച്ചു സ്വന്തമായി ആപ്ലിക്കേഷന്‍ തയ്യാറാക്കി ബംഗളൂരുവിലെ നിരത്തുകളില്‍ ഓടാന്‍ തയ്യാറെടുക്കുകയാണ് ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. ഒല, ഊബര്‍ കമ്പനികളുടെ തൊഴിലാളി ചൂഷണത്തിനെതിരേ 'നമ്മ യാത്രി' (Namma Yathri) ആപ്പുമായി ബംഗളുരുവിലെ ഓട്ടോ തൊഴിലാളി യൂനിയനായ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയന്‍ (എആര്‍ഡിയു) ആണ് മുന്നോട്ട് വന്നിട്ടുള്ളത്. നവംബര്‍ ഒന്നിന് കര്‍ണാടക പിറവി ദിനത്തില്‍ നമ്മ യാത്രി ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ചു തുടങ്ങാം.

സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇടതു ആഭിമുഖ്യമുള്ള സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ വന്നതോടെയാണ് സ്വന്തമായി യാത്ര ആപ്പെന്ന ലക്ഷ്യം നിറവേറിയത്. ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയനിലെ ഭൂരിപക്ഷം അംഗങ്ങളും പുതിയ ആപ്ലിക്കേഷന്റെ ഭാഗമായി കഴിഞ്ഞു. ഡ്രൈവര്‍മാരുടെ പശ്ചാത്തല വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചു മാത്രമേ അംഗത്വം നല്‍കൂ എന്നതിനാല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാകുമെന്നു യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒല, യൂബര്‍, റാപ്പിഡ് എന്നീ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളാണ് ബംഗളൂരുവില്‍ 'സിറ്റി ഡ്രൈവിന്റെ' കുത്തക കയ്യാളുന്നത്. ഈ കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് 'നമ്മ യാത്രി' ആപ്പിന്റെ ഭാഗമാകാന്‍ എത്തിയവരില്‍ ഭൂരിഭാഗവും. ഈ കമ്പനികളില്‍ നിന്ന് വലിയ തോതില്‍ ചൂഷണം നേരിട്ടവരാണ് മിക്കവരും. യാത്രക്കാരോട് അമിത തുക ഈടാക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരേ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത് കാരണം ഇന്ധനം നിറക്കലും വാഹനത്തിന്റെ അറ്റകുറ്റപണികളും കഴിഞ്ഞു മിച്ചമൊന്നും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ഓട്ടോ തൊഴിലാളികള്‍ ചൂഷണത്തിനെതിരേ സംഘടിച്ചതെന്നു യൂനിയന്‍ സെക്രട്ടറി രുദ്ര മൂര്‍ത്തി പറയുന്നു. ക്യാബ് സര്‍വീസ് നടത്താന്‍ മാത്രം അനുമതിയുണ്ടായിരുന്ന ഒല, ഊബര്‍ കമ്പനികള്‍ ഓട്ടോറിക്ഷകള്‍ ഉപയോഗിച്ച് നടത്തുന്ന തീവെട്ടിക്കൊള്ളയായിരുന്നു ബംഗളൂരുവില്‍ അരങ്ങേറിയിരുന്നത്.

പതിനായിരത്തോളം പേര്‍ ഇതിനോടകം തന്നെ നമ്മ യാത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇന്‍ഫോസിസ് കോ ഫൗണ്ടര്‍ നന്ദന്‍ നിലേകനിയുടെ സാങ്കേതിക സഹായത്തോടെ ജസ്‌പേ ടെക്‌നോളോജിസ് എന്ന ഡെവലപ്പര്‍ കമ്പനിയാണ് ആണ് നമ്മ യാത്രി ആപ്ലിക്കേഷന്‍ നിര്‍മിച്ചത്. നിലവില്‍ ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഇറങ്ങിയിരിക്കുന്നത്, വൈകാതെ ഐഒഎസ്വേര്‍ഷന്‍ഇറങ്ങും

Next Story

RELATED STORIES

Share it