Sub Lead

ജാതി സംഘര്‍ഷം ഒഴിവാക്കാന്‍ നെയിംപ്ലേറ്റിലെ ജാതിവാല്‍ ഒഴിവാക്കി മഹാരാഷ്ട്രയിലെ ബീഡ് പോലിസ്

ജാതി സംഘര്‍ഷം ഒഴിവാക്കാന്‍ നെയിംപ്ലേറ്റിലെ ജാതിവാല്‍ ഒഴിവാക്കി മഹാരാഷ്ട്രയിലെ ബീഡ് പോലിസ്
X

മുംബൈ: ജാതി സംഘര്‍ഷം ഒഴിവാക്കാന്‍ നെയിംപ്ലേറ്റില്‍ നിന്നും ജാതിവാല്‍ ഒഴിവാക്കി മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പോലിസ് സേന. ജില്ലയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ 100ല്‍ അധികം ഉദ്യോഗസ്ഥരുടെ നെയിം പ്ലേറ്റുകളില്‍ നിന്ന് ജാതിവാല്‍ ഒഴിവാക്കിയതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപോര്‍ട്ട് ചെയ്തു. പോലിസ് ഉദ്യോഗസ്ഥര്‍ പരസ്പരം പേര് വിളിച്ചാല്‍ മതിയെന്നും ജാതി തിരിച്ചറിയാവുന്ന പേരുകളൊന്നും വിളിക്കരുതെന്നും ബീഡ് എസ്പി നവനീത് ജനുവരിയില്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നെയിംപ്ലേറ്റുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഡെസ്‌ക് ഡ്യൂട്ടിയിലുള്ള പോലിസുകാരുടെ ബോര്‍ഡുകളും മാറും.

മസ്സാഗോജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറാത്തയുമായ സന്തോഷ് ദേശ്മുഖിന്റെ കൊലപാതകത്തിന് ശേഷമാണ് ഡിസംബറില്‍ നവനീതിനെ ബീഡില്‍ എസ്പിയായി നിയമിച്ചത്. സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായാണ് ഒരു സംഘം സന്തോഷ് ദേശ്മുഖിനെ കൊന്നത്. പ്രതികള്‍, ബീഡിലെ പ്രബലരായ വഞ്ചാര എന്ന ഒബിസി വിഭാഗക്കാരായിരുന്നു. ഇതോടെ കൊലപാതകത്തിന് ജാതി സ്വഭാവം വന്നു. മറാത്തക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് എന്‍സിപി മന്ത്രി ധനജ്ഞയ് മുണ്ടെ രാജി വക്കേണ്ടിയും വന്നു.

കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ പോലിസുകാരുടെ ജാതി പറഞ്ഞ് സംഘര്‍ഷമുണ്ടാക്കുന്നതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് ബീഡ് പോലിസ് വക്താവായ സച്ചന്‍ ഇംഗാളെ പറഞ്ഞു. ട്രാഫിക് നിയമം ലംഘിച്ചവര്‍ പോലും പോലിസുകാരുടെ നെയിംപ്ലേറ്റിലെ ജാതിപ്പേര് നോക്കി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ട്രാഫിക് നിയമം ലംഘിച്ച മറാത്തക്കാരനും വഞ്ചാരയും വരെ ഇതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനത്തെ മറാത്തകള്‍ സ്വാഗതം ചെയ്തു. എന്നാല്‍, പോലിസിന്റെ നിലപാടാണ് മാറേണ്ടതെന്ന് വഞ്ചാരി സമുദായം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it