Big stories

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് യുപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് യുപിയില്‍
X

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം ലക്ഷ്യംവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തര്‍പ്രദേശില്‍ പര്യടനം നടത്തും. രണ്ടാംഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. കൂടാതെ കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കാനുമാണ് ശ്രമിക്കുന്നത്. മവികലയില്‍ നിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര ഐലമില്‍ അവസാനിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ 130 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര നടത്തുക.

ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ബാഗ്പത്, ഷാംലി ജില്ലകളിലെ 11 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് മാര്‍ച്ച് കടന്നുപോവുന്നത്. ക്ഷണം ലഭിച്ചില്ലെന്ന കാരണത്താല്‍ അകന്നുനില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയിലേക്ക് ക്ഷണിക്കുകയാണ് രാഹുല്‍ ഗാന്ധി. പടിഞ്ഞാറന്‍ യുപിയിലെ മൂന്ന് ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോവുമെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പാര്‍ട്ടി ക്ഷണിച്ചിട്ടുണ്ട്.

പാര്‍ട്ടി നേതാക്കളെയും ഭാരവാഹികളെയും കൂടാതെ നിരവധി കര്‍ഷക നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും പദ്ധതി പ്രവര്‍ത്തകരെയും വിളിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി (എസ്പി), ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയും കോണ്‍ഗ്രസ് ക്ഷണിച്ചു. പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികളോടും യാത്രയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി തകര്‍ച്ചയിലാണ്. യാത്രയിലൂടെ സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുണ്ടാക്കാനും ശക്തി തെളിയിക്കാനുമാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ജനപങ്കാളിത്തവും രണ്ടാംഘട്ട ഭാരത് ജോഡോ യാത്രയില്‍ കൂടുതലുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബ്രിജ്‌ലാല്‍ ഖബ്രി, പാര്‍ട്ടി എംപി കെ സി വേണുഗോപാലും മറ്റുള്ളവരും 2023 ജനുവരി 3 ചൊവ്വാഴ്ച ഗാസിയാബാദില്‍ പാര്‍ട്ടിയുടെ 'ഭാരത് ജോഡോ യാത്ര'യുടെ യുപിയിലെ പര്യടനം ആരംഭിക്കുന്നതിനായി ഖബ്രിക്ക് ദേശീയ പതാക കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രീനഗര്‍ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കുന്നുണ്ട്. നടക്കാനിരിക്കുന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വര്‍ഗീയ കലാപം നടന്ന മുസഫര്‍ നഗറിന് സമീപത്താണ് ഇന്ന് യാത്രയുടെ വിശ്രമം. മതന്യൂനപക്ഷങ്ങള്‍ ഇന്ന് യാത്രയില്‍ അണിചേരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ പര്യടനം പൂര്‍ത്തിയാക്കുന്ന യാത്ര പഞ്ചാബില്‍ പ്രവേശിക്കും. ഭരണം നഷ്ടപ്പെട്ട പഞ്ചാബില്‍ കോണ്‍ഗ്രസിന് ശക്തി പ്രാപിക്കാനുള്ള അവസരമായും ഭാരത് ജോഡോ യാത്രയെ വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര, ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ തലസ്ഥാനത്ത് നിന്ന് ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചത്.

Next Story

RELATED STORIES

Share it