Sub Lead

'ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക'; കലാപ ആഹ്വാനവുമായി പ്രജ്ഞാ സിങ് താക്കൂര്‍

ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക; കലാപ ആഹ്വാനവുമായി പ്രജ്ഞാ സിങ് താക്കൂര്‍
X

ശിമോഗ: ഹിന്ദു സമുദായക്കാര്‍ സ്വയം സംരക്ഷിക്കാന്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപിയും വിദ്വേഷ പ്രാസംഗികയുമായ പ്രജ്ഞാ സിങ് താക്കൂര്‍. തങ്ങളെ ആക്രമിക്കുന്നവര്‍ക്കും അവരുടെ അന്തസ്സിനും മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്. കുറഞ്ഞത് പച്ചക്കറികള്‍ മുറിക്കാനുപയോഗിക്കുന്ന ഒരു കത്തിയെങ്കിലും വീട്ടില്‍ സൂക്ഷിക്കണമെന്നായിരുന്നു ആഹ്വാനം. കര്‍ണാടകയിലെ ശിമോഗയില്‍ ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പ്രജ്ഞാ സിങ് പരസ്യമായി കലാപാഹ്വാനം നടത്തിയത്. 'നിങ്ങള്‍ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടിവരിക എന്ന് പറയാനാവില്ല.

എല്ലാവര്‍ക്കം സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഉചിതമായി പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദുക്കള്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്'- ഭോപാല്‍ ബിജെപി എംപി വ്യക്തമാക്കി. ലൗ ജിഹാദ് പരാമര്‍ശവും ആവര്‍ത്തിച്ചു. ''അവര്‍ ലൗവ് ജിഹാദ് എന്ന പരമ്പരാഗത സമ്പ്രദായം പിന്തുടരുന്നവരാണ്.

ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ ലൗ ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കില്‍ പോലും ലൗ ജിഹാദ് ആണ് അവര്‍ക്ക് പ്രിയം. നമ്മള്‍ ഹിന്ദുക്കള്‍ വളരെ സ്‌നേഹമുള്ളവരാണ്. ദൈവത്തെ സ്‌നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്. എല്ലാ പീഡകരെയും പാപികളെയും നീക്കം ചെയ്യാത്തിടത്തോളം ദൈവം സൃഷ്ടിച്ച ഈ ലോകത്ത് സ്‌നേഹത്തിന്റെ യഥാര്‍ഥ നിര്‍വചനം നിലനില്‍ക്കില്ല. ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അതേ രീതിയില്‍ പ്രതികരിക്കുക.

നിങ്ങളുടെ പെണ്‍മക്കളെ സംരക്ഷിക്കുകയും നല്ല മൂല്യങ്ങള്‍ നല്‍കി വളര്‍ത്തുകയും ചെയ്യുക- പ്രജ്ഞാ സിങ് പറഞ്ഞു. മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളും. മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങള്‍ക്കായി വൃദ്ധസദനങ്ങളുടെ വാതില്‍ തുറക്കുകയാണ്. കുട്ടികള്‍ നിങ്ങളുടേത് ആവില്ല, നിങ്ങളുടെ സംസ്‌കാരവും ആവില്ല. അവര്‍ വൃദ്ധസദനങ്ങളുടെ സംസ്‌കാരത്തില്‍ വളരുകയും സ്വാര്‍ത്ഥരാകുകയും ചെയ്യും- പ്രജ്ഞാ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it