Sub Lead

കശ്മീരില്‍ പ്രത്യേക ഹിന്ദു കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി വീണ്ടും സജീവമാക്കി ബിജെപി

1989 കാലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്ത രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നതിന് പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണെന്ന് കശ്മീരിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

കശ്മീരില്‍ പ്രത്യേക ഹിന്ദു കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി വീണ്ടും സജീവമാക്കി ബിജെപി
X

ന്യൂഡല്‍ഹി: മുസ്ലിം ഭൂരിപക്ഷപ്രദേശമായ കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേക കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ബിജെപി വീണ്ടും പൊടിതട്ടിയെടുക്കുന്നതായി റിപോര്‍ട്ട്. 1989 കാലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പലായനം ചെയ്ത രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുന്നതിന് പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണെന്ന് കശ്മീരിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.

താഴ്‌വരയിലേക്കു തിരിച്ചുവരുന്നതിനുള്ള പണ്ഡിറ്റുകളുടെ മൗലികാവകാശത്തെ മാനിക്കേണ്ടതുണ്ട്. അതേ സമയം അവര്‍ക്ക് മതിയായ സുരക്ഷയും നല്‍കേണ്ടതുണ്ട്-റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ റാം മാധവ് പറഞ്ഞു.

കശ്മീര്‍ താഴ്‌വരയിലുള്ള 70 ലക്ഷത്തോളം ജനങ്ങളില്‍ 97 ശതമാനവും മുസ്ലിംകളാണ്. ആയിരക്കണക്കിന് സൈനികരെയും സായുധ പോലിസിനെയുമാണ് സമാധാന പാലനത്തിനായി താഴ്‌വരയില്‍ വിന്യസിച്ചിട്ടുള്ളത്. ജമ്മു കശ്മീരില്‍ ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന സര്‍ക്കാര്‍ പ്രത്യേകമോ കൂടിക്കലര്‍ന്നതോ ആയ കുടിയേറ്റ നഗരങ്ങള്‍ നിര്‍മിക്കുന്ന കാര്യം പരിഗണിച്ചിരുന്നുവെന്നും എന്നാല്‍, അതില്‍ അവര്‍ക്ക് മുന്നോട്ട് പോവാനായില്ലെന്നും റാം മാധവ് പറഞ്ഞു.

പ്രത്യേകം വേര്‍തിരിച്ച അടച്ചുകെട്ടിയ പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിനോട് പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മുസ്‌ലിം നേതൃത്വത്തിനോ താഴ്‌വര വിട്ടുപോയ ഹിന്ദുക്കള്‍ക്കോ താല്‍പര്യമില്ല. കശ്മീര്‍ താഴ്‌വരയിലേക്കു തിരിച്ചുവരുന്ന പണ്ഡിറ്റുകള്‍ക്കായി സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍, ഹോസ്പിറ്റലുകള്‍, കളിസ്ഥലങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട അതീവ സുരക്ഷയുള്ള കോളനികള്‍ നിര്‍മിക്കാനാണ് 2015ല്‍ ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന ബിജെപി സഖ്യ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്.

എന്നാല്‍, ഫലസ്തീനില്‍ ഇസ്രായേല്‍ ഉണ്ടാക്കിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് സമാനമാണ് ഇതെന്ന് കശ്മീരി സംഘടനകള്‍ ആരോപണമുന്നയിച്ചു. 2018 ജൂണില്‍ ബിജെപി സഖ്യ സര്‍ക്കാര്‍ പൊളിഞ്ഞതോടെ പദ്ധതി മരവിക്കുകയായിരുന്നു. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും കുടിയേറ്റ പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും റാം മാധവ് പറഞ്ഞു. തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യം വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഒരു പരിഹാരം കണ്ടെത്താനാവുമെന്ന് ഉറപ്പാണ്-റാം മാധവ് വ്യക്തമാക്കി.

കശ്മീരില്‍ പണ്ഡിറ്റുകളും മുസ്ലിംകളും നൂറ്റാണ്ടുകളോളം സൗഹാര്‍ദ്ദത്തോടെ ജീവിച്ചിരുന്നു. എന്നാല്‍, 1989ല്‍ താഴ്‌വരയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായതോടെയാണ് പണ്ഡിറ്റുകള്‍ കൂട്ടത്തോടെ പലായനം ചെയ്തത്. ഇവരിപ്പോള്‍ ജമ്മുവിനു പുറമേ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായാണ് കഴിയുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ ഇവരെ തിരിച്ചുകൊണ്ടുവരുന്നതിന് 5,800 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. താഴ്‌വരയിലേക്ക് തിരിച്ചുചെല്ലുന്ന കുടുംബങ്ങള്‍ക്ക് തങ്ങള്‍ ഉപേക്ഷിച്ചുപോന്ന വീട് നന്നാക്കാന്‍ 20 ലക്ഷം രൂപ വീതം അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. വീട് വിറ്റുപോന്നവര്‍ക്ക് താഴ്‌വരയില്‍ തിരിച്ചുവന്ന് പഴയവീട് തിരിച്ചുവാങ്ങാനോ പുതിയ വീട് വെക്കാനോ സമാനമായ സഹായധനം ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2008ല്‍ യുപിഎ സര്‍ക്കാരും പണ്ഡിറ്റ് കുടുംബങ്ങളെ താഴ്‌വരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാല്‍, പണ്ഡിറ്റുകള്‍ക്ക് താമസിക്കാന്‍ പ്രത്യേക കോളനികളും മേഖലകളും സജ്ജീകരിക്കണമെന്ന വാദം അപകടകരമായ പ്രവണതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് കശ്മീരി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇത്തരമൊരു നീക്കത്തെ പണ്ഡിറ്റ് വിഭാഗത്തിലെ നേതാക്കളും എതിര്‍ക്കുന്നുണ്ട്.

ഇപ്പോഴും നൂറുകണക്കിന് പണ്ഡിറ്റ് കുടുംബങ്ങള്‍ കശ്മീര്‍ താഴ്‌വരയില്‍ സമാധാനപൂര്‍വ്വം കഴിയുന്നുണ്ട്. പണ്ഡിറ്റുകള്‍ക്ക് പ്രത്യേകം വേലികെട്ടിത്തിരിച്ച കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള നീക്കം യാഥാര്‍ത്ഥ്യ ബോധമില്ലാത്തതാണെന്ന് ഇപ്പോഴും കശ്മീര്‍ താഴ്‌വരയില്‍ തുടരുന്ന പണ്ഡിറ്റ് നേതാവ് സഞ്ജയ് ടിക്കു പറഞ്ഞു. ചുറ്റും കാവല്‍ക്കാരെ നിര്‍ത്തി കൂട്ടിലടച്ച പോലെ ജീവിക്കാന്‍ സാധ്യമാണോ എന്ന് അദ്ദേഹം ചോദിച്ചു.

കശ്മീരി സംഘടനകളുടെ ഐക്യവേദിയായ ആള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സ് കഴിഞ്ഞ മാസം പണ്ഡിറ്റ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും പ്രത്യേക കുടിയേറ്റ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതിനെതിരേ അഭിപ്രായ ഐക്യം ഉണ്ടാക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ മിര്‍വായിസ് ഫാറൂഖ് പറഞ്ഞു. വേലി കെട്ടിത്തിരിച്ച പ്രത്യേകം കോളനികള്‍ ഉണ്ടാക്കിയാല്‍ പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ടിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തെയാണ് അത് തകര്‍ക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ തിരിച്ചുവരുന്നതിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍, അത് പ്രത്യേകം കോളനികളായി വേണ്ടെന്നും സംസ്ഥാനത്തെ രണ്ട് പ്രധാന പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it