Sub Lead

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം
X

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളാ സദസ്സിന്റെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. പഴയങ്ങാടി എരിപുരത്ത് ഇന്നു വൈകീട്ട് നാലരയോടെയാണ് സംഭവം. വാഹനവ്യൂഹം കടന്നുപോവുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം മുഴക്കുകയായിരുന്നു. റോഡരികില്‍നിന്ന് മുദ്രാവാക്യം വിളിച്ചയാളെ വാഹനത്തിലെത്തിയ വോളന്റിയര്‍മാരാണ് മര്‍ദ്ദിച്ചത്. മറ്റൊരു വാഹനത്തില്‍നിന്ന് പോലിസ് സംഘം പുറത്തിറങ്ങിയെങ്കിലും ആള്‍ക്കൂട്ട ആക്രമണം തുടരുകയായിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൂട്ടത്തോടെ വോളന്റിയര്‍മാര്‍ ചെടിച്ചട്ടി, ഹെല്‍മറ്റ് തുടങ്ങിയവ കൊണ്ട് മുഖത്തും തലയ്ക്കും ക്രൂരമായി ആക്രമിച്ചു. 20ഓളം പേരാണ് ആക്രമിച്ചത്. വോളന്റിയര്‍മാര്‍ ഡിവൈഎഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിതാ മോഹന്‍, സുധീഷ് വെള്ളച്ചാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. തലയ്ക്കും മറ്റു പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ സ്‌റ്റേഷന് അകത്തുവച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.


രാവിലെ പഴയങ്ങാടിയില്‍ നിരവധി മുസ് ലിം ലീഗ് പ്രവര്‍ത്തകരെ പോലിസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. മുസ് ലിം ലീഗ് കല്ല്യാശ്ശേരി മണ്ഡലം ഖജാഞ്ചി എസ് യു റഫീഖ്, മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീര്‍ ആലക്കാട്, കണ്ണൂര്‍ ജില്ലാ എം എസ് എഫ് വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം, മുസ് ലിം യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സമദ് ചൂട്ടാട്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫൈസല്‍ മലക്കാരന്‍, മാടായി ഗ്രാമപ്പഞ്ചായത്തംഗം റിയാസ് പഴയങ്ങാടി, ഷാഫി മാട്ടൂല്‍ തുടങ്ങിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ പ്രതിഷേധമുണ്ടായേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അതേസമയം, നവകേരള സദസ്സിന്റെ പേരില്‍ അനാവശ്യമായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വക്കയ്ാനാണ് പോലിസ് തീരുമാനമെങ്കില്‍ മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും റോഡിലിറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലാതെ, കോടികള്‍ ദൂര്‍ത്തടിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ്. എന്നാല്‍ ഈ ധൂര്‍ത്ത് നടക്കുന്നതിന്റെ പേരില്‍ പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധതയാണ്. എന്തിനാണ് മന്ത്രിമാരും പോലിസും ഇങ്ങനെ ഭയക്കുന്നതെന്ന് മനസ്സിലാവുന്നില്ല. യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ മുഖ്യനും കൂട്ടരും ഏത് പാതാളത്തില്‍ ഒളിച്ചാലും ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവിലിറക്കി പ്രതിഷേധിക്കാന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it