Sub Lead

കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം

തങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ കാലത്തും യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോട്ട് എന്നത്

കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഎം
X

കണ്ണൂര്‍: കല്ല്യാശേരി നിയോജക മണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം വോട്ടിനോടൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ കൂടെ പോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വോട്ട് ചെയ്യുകയാണുണ്ടായത്. ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് കൂട്ടിയോജിപ്പിച്ച് കള്ളവോട്ട് ചെയ്‌തെന്ന വ്യാജപ്രചരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തിയത്. യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് വേണ്ടി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ബ്രേക്കിങ് ന്യൂസുകള്‍ നല്‍കുന്നത് മാധ്യമ ധര്‍മ്മമല്ല.

ചെറുതാഴം ഗ്രാമപഞ്ചായത്ത് അംഗമായ എം വി സലീന ജനങ്ങള്‍ക്ക് സുപരിചിതയാണ്. 17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറായ സലീന സ്വന്തം വോട്ടിന് പുറമേ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപണ്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് ഈ രണ്ട് ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗമായ സുമയ്യയാവട്ടെ കല്ല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്. പിലാത്തറ യുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്ത് കേന്ദ്രീകരിച്ചാണ് സുമയ്യ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ഇവര്‍ പിലാത്തറയില്‍ മുമ്പ് താമസക്കാരിയും ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗവുമായിരുന്നു. ഈ അനുഭവസമ്പത്തിന്റെയും വ്യക്തിബന്ധത്തിന്റെയും ഭാഗമായാണ് 19ാം നമ്പര്‍ ബൂത്ത് എജന്റായി നിശ്ചയിച്ചത്. പ്രസ്തുത ബൂത്തിലെ 301ാം നമ്പര്‍ വോട്ടര്‍ സി ശാന്ത എന്നവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഓപണ്‍ വോട്ട് ചെയ്തിട്ടുണ്ട്. കല്ല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്ത് എജന്റാണ് മൂലക്കാരന്‍ കൃഷ്ണന്‍.

പ്രസ്തുത ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണന്റെ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരന്‍ കൃഷ്ണന്‍ ഓപണ്‍വോട്ട് ചെയ്തിട്ടുണ്ട്. പിലാത്തറ പട്ടണത്തില്‍ വര്‍ഷങ്ങളായി വ്യാപാരം നടത്തുന്നയാളാണ് കെ സി രഘുനാഥ്. 19ാം നമ്പര്‍ ബൂത്തിലെ 994ാം നമ്പര്‍ വോട്ടറായ ശാരിരിക അവശതയുളള ഡോ. കാര്‍ത്തികേയനെ വാഹനത്തില്‍ കയറ്റി ഓപണ്‍ വോട്ട് ചെയ്യാനായി കൊണ്ട് വരികയുണ്ടായി. രോഗികൂടിയായ വോട്ടറെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിലുളള പ്രയാസം പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് ബൂത്തിന്റെ കതകിന് സമീപം കെ സി രഘുനാഥ് പോയിരുന്നത്. വസ്തുതകള്‍ ഇതായിരിക്കെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം മണത്ത യുഡിഎഫ് അത് മറികടക്കാന്‍ ചില പൊടിക്കൈകള്‍ ഇറക്കുകയാണ്. ഇതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല. തങ്ങള്‍ പരാജയപ്പെടുമ്പോള്‍ എല്ലാ കാലത്തും യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണമാണ് കള്ളവോട്ട് എന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ ജനങ്ങളെ പരിഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it