Sub Lead

ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം; ​ഗൂഡാലോചന അന്വേഷിക്കാതെ കുറ്റപത്രം സമർപ്പിക്കാൻ പോലിസ്

2022 ജനുവരി 29 നാണ് ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ ഉഗ്രസ്‌ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് നേരത്തെ പറഞ്ഞിരുന്നു.

ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം; ​ഗൂഡാലോചന അന്വേഷിക്കാതെ കുറ്റപത്രം സമർപ്പിക്കാൻ പോലിസ്
X

അഭിലാഷ് പി

കോഴിക്കോട്: കണ്ണൂരിലെ കാങ്കോൽ ആലക്കാട് സ്വദേശിയായ ആര്‍എസ്എസ് നേതാവ് ബിജുവിന്റെ വീട്ടില്‍ നിന്ന് സ്‌ഫോടനം നടന്ന സംഭവത്തിൽ ​ഗൂഡാലോചന കുറ്റം അന്വേഷിക്കാതെ പോലിസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള കലക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണ് പെരിങ്ങോം പോലിസ്. സിപിഎം നേതാവ് ധനരാജ് വധക്കേസ് പ്രതി കൂടിയാണ് ആലക്കാട്ട് ബിജു എന്നതാണ് ശ്ര​ദ്ധേയം.

സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെയാണ് സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തെ അടിസ്ഥാനമാക്കി പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 29 നാണ് ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ ഉഗ്രസ്‌ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റതായും പോലിസ് നേരത്തെ പറഞ്ഞിരുന്നു. കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലിസ് വിവരം അറിയുന്നത്.

നേരത്തെയും ഇതേ ബിജുവിന്റെ വീട്ടില്‍ സ്‌ഫോടനം നടക്കുകയും സ്വന്തം അമ്മയ്ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം പോലിസ് നിസംഗത പുലര്‍ത്തിയതിനാലാണ് ബോംബ് നിര്‍മാണം നിര്‍ബാധം തുടരാന്‍ പ്രേരണയായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തിയ ആര്‍എസ്എസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായി പോലിസ് കണ്ടെത്തിയിരുന്നു. എന്നിട്ടും പോലിസ് സംഭവത്തിലെ ​ഗൂഡാലോചന അന്വേഷിക്കാത്തത് സംശയാസ്പദമാണ്.

അന്വേഷണത്തിൽ സ്ഫോടനത്തിനോ, ബോംബ് നിർമാണത്തിനോ പിന്നിൽ ​ഗൂഡാലോചനയില്ലെന്നാണ് പെരിങ്ങോം സിഐ തേജസ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിക്കാനും ​ഗൂഡാലോചന അന്വേഷിക്കാതെ ആർഎസ്എസ് നേതാവിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായ ആരോപണവുമായി എസ്ഡിപിഐ രം​ഗത്തു വന്നിരുന്നു. ഈ ആരോപണമാണ് പോലിസിന്റെ ഈ നിഷ്ക്രിയത്വത്തിലൂടെ തെളിയിക്കപ്പെടുന്നത്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന് നിരവധി ആർഎസ്എസ് പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. ബിജുവിന്റെ വീട്ടിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വടകര മണിയൂരിൽ ആർഎസ്എസ് നേതാവ് മുഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ വീട്ടിലും സ്ഫോടനം ഉണ്ടായത്. നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിലിരുന്ന് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായി ഹരിപ്രസാദിന്റെ കൈപ്പത്തി അറ്റുപോയത്.

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി ഒമ്പതു മരണമാണ് കണ്ണൂരിൽ റിപോർട്ട് ചെയ്തത്. മരിച്ച ഒമ്പതിൽ ഏഴും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. കതിരൂരിലായിരുന്നു 1998ൽ ഒരേ അപകടത്തിൽ രണ്ടു ബിജെപി പ്രവർത്തകർ മരിച്ചത്. കതിരൂർ കൊങ്കച്ചിയിലായിരുന്നു ആ സംഭവം. 2002ൽ പാനൂരിൽ സെൻട്രൽ പൊയിലൂരിലെ വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. ബിജെപി പ്രവർത്തകരായ അശ്വിൻകുമാറും സുരേന്ദ്രനും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പാനൂർ ചെണ്ടയാട് ആക്കാനിശ്ശേരിയിൽ സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകൻ പിണറായി സ്വദേശി ചന്ദ്രൻ മരിച്ചു. ചെറുവാഞ്ചേരി അത്യാറക്കാവിൽ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചതും ആർഎസ്എസ് പ്രവർത്തകരായിരുന്നു.

ഇത്രയേറെ ​ഗൗരവതരമായ ക്രിമിനൽ കുറ്റം ആർഎസ്എസിൽ നിന്നുണ്ടാകുമ്പോഴും പോലിസിൽ നിന്ന് ലഭിക്കുന്ന സംരക്ഷണം കേരളം ചർച്ച ചെയ്യാറില്ല എന്നതാണ് വസ്തുത. ഇത്തരം കുറ്റങ്ങൾ നടക്കുമ്പോഴാകട്ടെ മാധ്യമങ്ങളോട് പങ്കുവയ്ക്കാതെ പോലിസ് വിവരങ്ങൾ മറച്ചുവയ്ക്കുന്നതും സ്വാഭാവികമായി മാറിയിരിക്കുന്നു. ഇടതുപക്ഷം കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി ഭരിക്കുന്നുണ്ടെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സംസാരിക്കുന്ന വേദിക്കരികിലേക്ക് ആർഎസ്എസ് ബോംബെറിഞ്ഞ കേസിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നതാണ് യാഥാർത്ഥ്യം.

Next Story

RELATED STORIES

Share it