Sub Lead

തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ച: റിപോര്‍ട്ട് നല്‍കാത്ത കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി

തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ച: റിപോര്‍ട്ട് നല്‍കാത്ത കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി
X

കൊച്ചി: തിരൂര്‍ ബിപി അങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത മലപ്പുറം ജില്ലാ കലക്ടറെ വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും മനസിലാകുന്നില്ലെങ്കില്‍ എങ്ങനെയാണ് കലക്ടര്‍ ആ പദവി വഹിക്കുന്നതെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. നേര്‍ച്ചയില്‍ സംഭവിച്ച കാര്യങ്ങളുടെ വിശദമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

നേര്‍ച്ചക്കിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (60) മരിച്ചിരുന്നു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി റദ്ധാക്കിയതിനു ശേഷമായിരുന്നു ഈ സംഭവം. തുടര്‍ന്ന് ബിപി അങ്ങാടി സംഭവത്തെ കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ജില്ലാ കലക്ടറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അവ്യക്തമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.

ഫെബ്രുവരി 15ന് നാട്ടാന സെന്‍സസ് പൂര്‍ത്തിയാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനകളെ സ്വന്തമാക്കി വച്ചിരിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശം ഉണ്ടോ എന്ന്പരിശോധിക്കാനാണിത്.

Next Story

RELATED STORIES

Share it