Sub Lead

ദുബയില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് സ്വദേശിയായ പ്രമുഖ വ്യവസായി ജോയ് അറക്കല്‍ അന്തരിച്ചത്

ദുബയില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും
X

ദുബയ്: കൊവിഡ് വ്യാപനം തടയാന്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ദുബയില്‍ മരിച്ച വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ അനുമതി. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ദുബയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍േട്ടഡ് വിമാനത്തില്‍ മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹത്തോടൊപ്പം ജോയ് അറക്കലിന്റെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍, മകള്‍ ആഷ്‌ലിന്‍ എന്നിവര്‍ക്കും യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതായാണു വിവരം. ദുബയില്‍ നിന്ന് കരിപ്പൂരിലേക്കാണ് ചാര്‍ട്ടേഡ് വിമാനം എത്തുക.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വയനാട് സ്വദേശിയായ പ്രമുഖ വ്യവസായി ജോയ് അറക്കല്‍ അന്തരിച്ചത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ വിവിധ തരത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. കോഴിക്കോട് എംപി എം കെ രാഘവന്‍, വ്യവസായ പ്രമുഖന്‍ എലൈറ്റ് ഗ്രൂപ്പ് എംഡി ആര്‍ ഹരികുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ടി കെ ആഷിക് തുടങ്ങിയവരുടെ ശ്രമഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി ലഭിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അനുമതിയുണ്ടെങ്കില്‍ ഇവരെ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശകാര്യ വിഭാഗം ഡയറക്ടര്‍(എമിഗ്രേഷന്‍) സുമന്ത് സിങ് ഒപ്പുവച്ച അനുമതി പത്രത്തില്‍ പറയുന്നത്. ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനു മുന്നോടിയായി എംബാമിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.


ദുബയില്‍ അന്‍വര്‍ നഹ, അശ്‌റഫ് തമരശ്ശേരി, അഡ്വ. ടി കെ ആഷിക്, ചാള്‍സ് പോള്‍, റിയാസ് കുത്തുപറമ്പ്, ഷംസുദ്ദീന്‍ നല്ലറ, ആദില്‍ ചാലാട് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നുമുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്കെത്തുന്നത്.




Next Story

RELATED STORIES

Share it