Sub Lead

ഉപതിരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ മുന്നേറ്റം; ഹിമാചലില്‍ മൂന്ന് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ്, നാണംകെട്ട് ബിജെപി

ഉപതിരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍ മുന്നേറ്റം; ഹിമാചലില്‍ മൂന്ന് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ്, നാണംകെട്ട് ബിജെപി
X

ന്യൂഡല്‍ഹി: രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്റ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക്. അസമില്‍ അഞ്ച്, പശ്ചിമ ബംഗാളില്‍ നാല്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് വീതം, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം, ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ വീതം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴ് സീറ്റുകള്‍ ബിജെപിയുടേയും ഒമ്പത് സീറ്റുകള്‍ കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റുകളാണ്.

ബാക്കി മറ്റു പ്രാദേശിക പാര്‍ട്ടികളുടേതും. കേന്ദ്ര ഭരണപ്രദേശമായ ദാദ്രനഗര്‍ ഹവേലി, ഹിമാചലിലെ മണ്ഡി, മധ്യപ്രദേശിലെ ഖന്ദ്വ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഹിമാചലില്‍ കോണ്‍ഗ്രസും വ്യക്തമായ അധിപത്യം പുലര്‍ത്തിയപ്പോള്‍ അസമില്‍ മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്. പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളെല്ലാം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. നാല് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂല്‍ വ്യക്തമായ ഭൂരിപക്ഷം നേടി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക് മാസങ്ങള്‍ക്ക് മുമ്പ് 57 വോട്ടിന് വിജയിച്ച ദിന്‍ഹത മണ്ഡലത്തില്‍ തൃണമൂലിന്റെ ഭൂരിപക്ഷം ഒന്നര ലക്ഷം കവിഞ്ഞു.

ലോക്‌സഭാ അംഗത്വം നിലനിര്‍ത്തുന്നതിന് വേണ്ടി നിയമസഭാ അംഗത്വം നിസിത് രാജിവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ മറ്റൊരു സിറ്റിങ് സീറ്റായ ശാന്തിപുറിലും തൃണമൂല്‍ മികച്ച ഭൂരിപക്ഷം നേടി. 63,892 വോട്ടുകളുടെ ലീഡുണ്ട് നിലവില്‍ തൃണമൂലിന് ഇവിടെ. ഗോസബ മണ്ഡലത്തില്‍ 1,43,051 ആണ് തൃണമൂലിന്റെ ഭൂരിപക്ഷം. ഖര്‍ദഹയില്‍ 93,832 വോട്ടിന്റെ ലീഡ് നേടി. ഹിമാചല്‍ പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളും ഒരു ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി.

ഹിമാചലിലാണ് ബിജെപിക്ക് നാണംകെട്ട തോല്‍വി നേരിടേണ്ടിവന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ പ്രതിഭാ സിങ് 8,766 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ബ്രിഗേഡിയര്‍ ഖുഷാല്‍ താക്കൂറിനെ പരാജയപ്പെടുത്തി. 2019ല്‍ ബിജെപിക്ക് ഇവിടെ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടാനായിരുന്നു. ഫത്തേപൂര്‍ നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭവാനി സിങ് പതാനിയ ബിജെപി സ്ഥാനാര്‍ഥി ബല്‍ദേവ് താക്കൂറിനെ 5,789 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അര്‍ക്കി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ സഞ്ജയ് അവസ്തി 3,219 വോട്ടുകള്‍ക്ക് ബിജെപിയുടെ രത്തന്‍ സിങ് പാലിനെ തോല്‍പ്പിച്ചു.

ജുബ്ബല്‍കോട്ഖായ് നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്റെ രോഹിത് താക്കൂര്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ചേതന്‍ ബ്രഗ്തയെ 6,293 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ജുബ്ബല്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ്. മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെത്തില്‍ ബിജെപിയും ഒരിടത്തും കോണ്‍ഗ്രസുമാണ് മുന്നിട്ടുനില്‍ക്കുന്നത്. പൃഥിപൂരിലും ജോബാറ്റിലുമാണ് ബിജെപി മുന്നേറുന്നത്. രണ്ടും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. അതേസമയം, ബിജെപിയുടെ സിറ്റിങ് സീറ്റായ റായ്‌ഗോണില്‍ കോണ്‍ഗ്രസിനാണ് ലീഡ്. ഉപതിരഞ്ഞെടുപ്പ് നടന്ന ഖന്ദ്വ ലോക്‌സഭാ സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

മേഘാലയയിലെ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ എന്‍പിപി രണ്ട് സീറ്റുകളിലും യുഡിപി ഒരു സീറ്റിലും ലീഡ് നേടി. ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയുവിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ജെഡിയുവും ആര്‍ജെഡിയും ഓരോ സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ രണ്ട് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസിന്റെ സിറ്റിങ് സീറ്റായിരുന്ന സിന്ദ്ഗിയില്‍ ബിജെപി 31185 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ ഹംഗലില്‍ കോണ്‍ഗ്രസ് 7319 വോട്ടിന് ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നട്‌ന രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായി.

ബിജെപിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്. വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി. മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27763 വോട്ടുകള്‍ക്ക് ജയിച്ചു. ആന്ധ്രപ്രദേശിലെ ബദ്‌വേല്‍ മണ്ഡലത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തിന് വിജയിച്ചു. ഹരിയാണയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അഭയ് ചൗട്ടല എല്ലനാബാദ് മണ്ഡലത്തില്‍നിന്ന് വിജയിച്ചു. തെലങ്കാനയില്‍ ടിആര്‍എസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ മുന്‍ മന്ത്രി എടാല രാജേന്ദര്‍ മുന്നിലാണ്.

മിസോറാമില്‍ മിസോ നാഷനല്‍ ഫ്രണ്ട് സ്ഥാനാര്‍ഥി ജയിച്ചു. ദാദ്ര ആന്റ് നഗര്‍ ഹവേലി ലോക്‌സഭാ സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥി 50677 വോട്ടുകള്‍ ജയിച്ചു. അസമില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും ബിജെപി സഖ്യം വ്യക്തമായ ഭൂരപക്ഷം നേടിയിട്ടുണ്ട്. ഇതില്‍ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിച്ചവരാണ് വിജയിച്ചത്. മരിയാനിയില്‍ രൂപജ്യോതി കുര്‍മി (മരിയാനി), സുശാന്ത ബോര്‍ഗോഹൈന്‍ (തൗറ), ഫണിധര്‍ താലൂക്ദാര്‍ (ഭാബാനിപൂര്‍) എന്നിവരാണ് ജയിച്ചത്. മറ്റു രണ്ടു സീറ്റുകളില്‍ ബിജെപി സഖ്യകക്ഷിയായ യുപിപിഎലും വിജയിച്ചു.

Next Story

RELATED STORIES

Share it