Sub Lead

യുപിയിലെ പൗരത്വ പ്രക്ഷോഭം: കൊല്ലപ്പെട്ടവര്‍ 22 പേര്‍, 322 പേര്‍ ഇപ്പോഴും തടവറയില്‍; കോടതിക്ക് കണക്കുകള്‍ കൈമാറി യുപി ഭരണകൂടം

സമരങ്ങള്‍ക്കിടെ നടന്ന പോലിസ് അതിക്രമം സംബന്ധിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അലഹാബാദ് ഹൈക്കോടതിയെ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

യുപിയിലെ പൗരത്വ പ്രക്ഷോഭം: കൊല്ലപ്പെട്ടവര്‍ 22 പേര്‍, 322 പേര്‍ ഇപ്പോഴും തടവറയില്‍; കോടതിക്ക് കണക്കുകള്‍ കൈമാറി യുപി ഭരണകൂടം
X

ലക്‌നോ: വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കുനേരെയുണ്ടായ പോലിസ് നടപടികളികളില്‍ ഡിസംബര്‍ വരെ 22 പേര്‍ കൊല്ലപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമരങ്ങള്‍ക്കിടെ നടന്ന പോലിസ് അതിക്രമം സംബന്ധിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അലഹാബാദ് ഹൈക്കോടതിയെ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 883 പേരെ അറസ്റ്റ് ചെയ്തതായും ഇവരില്‍ 322 പേര്‍ ഇപ്പോഴും ജയിലിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റിലായവരില്‍ 561 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.


പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിഭാഷകന്‍ മനീഷ് ഗോയല്‍ അക്രമത്തില്‍ 45 പോലിസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റെന്നും കോടതി മുമ്പാകെ പറഞ്ഞു. 82 പ്രതിഷേധക്കാര്‍ക്കു പരിക്കേറ്റതായും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് സിദ്ധാര്‍ഥ് വര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന സമരങ്ങള്‍ക്കു നേരെയുണ്ടായ പോലിസ് അതിക്രമത്തെ കുറിച്ച് ജനുവരി 29നാണ് അലഹബാദ് ഹൈകോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയത്.


മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനമെന്തെന്ന് ചോദിച്ച കോടതി, പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ മൗലികമായ അവകാശങ്ങള്‍ പോലും ലംഘിക്കുന്ന തരത്തിലായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്ന് ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു പുറമെ ഭവനഭേദനം, വസ്തുവകകള്‍ നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടിച്ചുകൊണ്ടു പോകല്‍ എന്നീ പരാതികളും പോലിസിനെതിരെ ഹരജിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യസഹായം നല്‍കിയിട്ടില്ലെന്നും മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് നടന്ന പൗരത്വ പ്രക്ഷോഭങ്ങള്‍ക്കു നേരെ യുപി പോലിസ് തുല്ല്യതയില്ലാത്ത നരനായാട്ടാണ് നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it