Sub Lead

കാലിക്കറ്റ് പിഎച്ച്ഡി പ്രവേശനത്തില്‍ പിന്നാക്ക സംവരണം അട്ടിമറിച്ചു; എസ്ടി വിഭാഗത്തിന്റെ 2.5 ശതമാനം സംവരണം വെട്ടിക്കുറച്ച് മുന്നാക്കക്കാര്‍ക്ക് നല്‍കി

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണത്തില്‍നിന്ന് 2.5 ശതമാനം വെട്ടിക്കുറച്ചാണ് സവര്‍ണവിഭാഗങ്ങളുടെ സംവരണം 10 ശതമാനം തികച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് പിഎച്ച്ഡി പ്രവേശനത്തില്‍ പിന്നാക്ക സംവരണം അട്ടിമറിച്ചു; എസ്ടി വിഭാഗത്തിന്റെ 2.5 ശതമാനം സംവരണം വെട്ടിക്കുറച്ച് മുന്നാക്കക്കാര്‍ക്ക് നല്‍കി
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2021ലെ പിഎച്ച്ഡി പ്രവേശനത്തില്‍ മുന്നാക്കക്കാര്‍ക്കുവേണ്ടി പിന്നാക്ക സംവരണം അട്ടിമറിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികവര്‍ഗ സംവരണം അട്ടിമറിച്ചാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണത്തില്‍നിന്ന് 2.5 ശതമാനം വെട്ടിക്കുറച്ചാണ് സവര്‍ണവിഭാഗങ്ങളുടെ സംവരണം 10 ശതമാനം തികച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണത്തില്‍ വര്‍ധിച്ചപ്പോള്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവകാശം നിഷേധിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇടിബി- 8 ശതമാനം, മുസ്‌ലിം- 7 ശതമാനം, ലാറ്റിന്‍ കത്തോലിക്ക- ഒരുശതമാനം, മറ്റ് പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗം- ഒരുശതമാനം, എസ് സി- 15 ശതമാനം, എസ്ടി- 7.5 ശതമാനം എന്നിങ്ങനെയായിരുന്നു സര്‍വകലാശാല വകുപ്പില്‍ പിഎച്ച്ഡി പ്രവേശനത്തിനുള്ള സംവരണരീതി. 2020ലെ പിഎച്ച്ഡി പ്രവേശനം ഈ ക്രമത്തിലായിരുന്നു നടന്നിരുന്നത്.

എന്നാല്‍, പുതിയ വിജ്ഞാപനത്തില്‍ എസ്ടിക്കാര്‍ക്ക് നല്‍കിയിരുന്ന 7.5 ശതമാനം സംവരണം വെട്ടിക്കുറച്ച് അഞ്ചുശതമാനമാക്കിയിരിക്കുകയാണ്. ഈ 2.5 ശതമാനം സംവരണം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കാനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നക്. കഴിഞ്ഞവര്‍ഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം 7.5 ശതമാനമായിരുന്നുവെന്ന് വിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, പട്ടികവര്‍ഗക്കാരുടെ രണ്ടര ശതമാനം കൂടി നല്‍കിയതോടെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണം 10 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്.

മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കാനുള്ള സര്‍വകലാശാലയുടെ വ്യഗ്രത തിരിച്ചടിയായിരിക്കുന്നത് പാവപ്പെട്ട പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംവരണം അട്ടിമറിച്ച് ഇഷ്ടക്കാര്‍ക്ക് പ്രവേശനം നല്‍കുകയാണെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരേ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടയിലാണ് കാലിക്കറ്റ് സര്‍വകലാശാല അധികാരികളുടെ സവര്‍ണപ്രീണനം.

Next Story

RELATED STORIES

Share it