Sub Lead

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം; മുസ്‌ലിം ലീഗില്‍ തര്‍ക്കം, പ്രതിഷേധം

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം; മുസ്‌ലിം ലീഗില്‍ തര്‍ക്കം, പ്രതിഷേധം
X

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി മുസ് ലിം ലീഗില്‍ തര്‍ക്കവും പ്രതിഷേധവും. കാസര്‍കോട്ടെ നേതാക്കളുമായി പാണക്കാട്ട് നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കം രൂക്ഷമാവുകയും പ്രതിഷേധമയരുകയും ചെയ്തത്. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ഭാരവാഹികളെയും മഞ്ചേശ്വരം മണ്ഡലം നേതാക്കളെയും വിളിച്ചിരുത്തിയാണ് പാണക്കാട്ട് ചര്‍ച്ച നടത്തിയത്. മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, യൂത്ത് ലീഗ് നേതാവ് എ കെ എം അശറഫ് എന്നിവരുടെ പേരാണ് പരിഗണനയിലുണ്ടായിരുന്നത്. നേതാക്കളുമായി ചര്‍ച്ച നടത്തി ഉച്ചയ്ക്കു ശേഷം നേതൃയോഗം ചേര്‍ന്ന് ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, എം സി ഖമറുദ്ദീന്റെ പേരിനു മുന്‍ഗണന നല്‍കിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. മാത്രമല്ല, മഞ്ചേശ്വരത്തിനു പുറത്തുനിന്നുള്ളവരെ ഒരു കാരണവശാലം അംഗീകരിക്കാനാവില്ലെന്നു ഒരുവിഭാഗം നിലപാട് കടുപ്പിച്ചതോടെ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് യോഗം അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞെന്നാണു സൂചന. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിനു മുന്നില്‍ ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയും ചെയ്തു. സ്ഥാനാര്‍ഥിയെ നാളെയോ മറ്റന്നാണോ പ്രഖ്യാപിക്കുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

മുസ് ലിം ലീഗിന്റെ പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തോടെയാണ് മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കഴിഞ്ഞതവണ ബിജെപി നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് നിയമയുദ്ധം തുടരുന്നതിനിടെയാണ് അബ്ദുര്‍റസാഖ് എംഎല്‍എയുടെ മരണം. 2016ല്‍ ബിജെപിയിലെ കെ സുരേന്ദ്രനെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുര്‍ റസാഖ് തോല്‍പ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ ആര്‍ ജയാനന്ദിന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്യുകയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു വിടുകയും ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, ലോക്‌സഭയിലേക്കു മല്‍സരിച്ച രവീശ തന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളാണുള്ളതെന്നാണു സൂചന.



Next Story

RELATED STORIES

Share it