Sub Lead

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരായ പൈജാമ പരാമര്‍ശം: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരായ പൈജാമ പരാമര്‍ശം: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്
X

ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷന്‍ (NCW) അധ്യക്ഷ രേഖാ ശര്‍മയ്‌ക്കെതിരായ 'പൈജാമ' പരാമര്‍ശത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹാത്‌റസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ പേര്‍ മരണപ്പെട്ട സ്ഥലം സന്ദര്‍ശിക്കുകയായിരുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയ്‌ക്കെതിരേയാണ് എക്‌സില്‍ മൊയ്ത്രയുടെ പരാമര്‍ശമുണ്ടായത്. വീഡിയോയ്ക്കു താഴെ 'അവരുടെ ബോസിന്റെ പൈജാമ ഉയര്‍ത്തിപ്പിടിക്കുന്ന തിരക്കിലാണ് അവള്‍' എന്നാണ് മഹുവ മൊയ്ത്ര കമ്മന്റിട്ടത്.

ഇതിനു പിന്നാലെ ഡല്‍ഹി പോലിസില്‍ പരാതി നല്‍കിയതായും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചതായും എന്‍സിഡബ്ല്യു പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇതേക്കുറിച്ചും മെഹുവ മൊയ്ത്ര എക്‌സിലൂടെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'ഡല്‍ഹി പോലിസ് വരൂ. ദയവായി ഈ സ്വമേധയാ ഉള്ള ഉത്തരവില്‍ ഉടനടി നടപടിയെടുക്കൂ. അടുത്ത മൂന്ന് ദിവസം ഞാന്‍ നാദിയയിലുണ്ടാവും. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം എന്നായിരുന്നു മറുപടി.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ എന്‍സിഡബ്ല്യു ഇക്കാര്യം പരിശോധിച്ച് മഹുവ മൊയ്ത്രയ്‌ക്കെതിരേ ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ അതിരുകടന്നത് മാത്രമല്ല, ഒരു സ്ത്രീയുടെ അന്തസ്സിനുള്ള അവകാശത്തിന്റെ കടുത്ത ലംഘനവുമാണെന്ന് വനിതാ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഭാരതീയ ന്യായ് സന്‍ഹിതയുടെ സെക്ഷന്‍ 79 പ്രകാരം മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസെടുക്കണമെന്ന് കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it