Sub Lead

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍; അന്തിമതീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു

വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സപ്തംബറിലോ അതിനുശേഷമോ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പരീക്ഷാ നടത്തിപ്പിനുള്ള തിയ്യതി അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍; അന്തിമതീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
X

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ട് ഉന്നതതലയോഗം. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇന്നത്തെ ഉന്നതതല യോഗത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സപ്തംബറിലോ അതിനുശേഷമോ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പരീക്ഷാ നടത്തിപ്പിനുള്ള തിയ്യതി അടുത്ത ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുകയെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നു. ആകെയുള്ള 174 വിഷയങ്ങളില്‍ എഴുപതോളം വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുകയും ഈ വിഷയങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനുമായിരുന്നു നിര്‍ദേശം. പരീക്ഷയുടെ സമയദൈര്‍ഘ്യത്തില്‍ ഒന്നര മണിക്കൂറായി കുറവുവരുത്തുകയും പ്രധാനപ്പെട്ട 20 വിഷയങ്ങളില്‍ പരീക്ഷ നടത്തുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഒരു ഭാഷാവിഷയവും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുക എന്നതാണ് ഇത്.

വിദ്യാര്‍ഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുകയെന്ന നിര്‍ദേശവും ചര്‍ച്ചയ്ക്കുവന്നു. പ്രധാന വിഷയങ്ങള്‍ക്കുള്ള പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒബ്ജക്ടീവ് തരം ചോദ്യങ്ങള്‍ തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹോം സെന്ററുകളിലായിരിക്കും പരീക്ഷ നടത്തുക., എന്നിരുന്നാലും മറ്റൊരു സ്‌കൂളിന്റെ ഇന്‍വിജിലേറ്റര്‍മാരെ ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തും. ജൂണ്‍ അവസാന വാരത്തില്‍ പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് സിബിഎസ്ഇ യോഗത്തില്‍ പറഞ്ഞു.

അതേസമയം, പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാമെന്ന നിര്‍ദേശവും ചര്‍ച്ചയായി. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രധാനമന്ത്രിക്ക് വിടുകയായിരുന്നു. കൊവിഡ് കേസുകളുടെ വര്‍ധനവ് കാരണം ഏപ്രില്‍ 14 ന് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കാനും ധാരണയിലെത്തിയിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തുന്ന ബോര്‍ഡ് പരീക്ഷകള്‍ മെയ് 4 മുതല്‍ നടക്കേണ്ടതായിരുന്നു. 12ാം ക്ലാസ് പരീക്ഷകളും പ്രഫഷനല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളും നടത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, സംസ്ഥാന പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സന്‍മാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it