Sub Lead

യുഎഇ സന്ദര്‍ശനത്തിന് വ്യവസായ സെക്രട്ടറിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം; പ്രതിഷേധവുമായി മന്ത്രി രാജീവ്

എക്‌സ്‌പോയിലെ കേരള പവലിയന്‍ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുമായി നവംബര്‍ 10 മുതല്‍ 12 വരെ ദുബയ് സന്ദര്‍ശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രാനുമതി തേടിയത്.

യുഎഇ സന്ദര്‍ശനത്തിന് വ്യവസായ സെക്രട്ടറിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം; പ്രതിഷേധവുമായി മന്ത്രി രാജീവ്
X

തിരുവനന്തപുരം: ദുബയില്‍ നടക്കുന്ന എക്‌സ്‌പോ ഒരുക്കങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കാന്‍ സംസ്ഥാന സംഘത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

എക്‌സ്‌പോയിലെ കേരള പവലിയന്‍ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കുമായി നവംബര്‍ 10 മുതല്‍ 12 വരെ ദുബയ് സന്ദര്‍ശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യാത്രാനുമതി തേടിയത്. എന്നാല്‍ ഈ തീയതികളില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. കൃത്യമായ കാരണം പറയാതെയാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ഡിസംബര്‍ ആദ്യവാരം സന്ദര്‍ശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേര്‍ന്നാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 6 വരെയാണ് കേരള പവലിയന്‍ ഒരുക്കുന്നത്. ഒക്ടോബറില്‍ ആരംഭിച്ച എക്‌സ്‌പോ അടുത്ത വര്‍ഷം മാര്‍ച്ച് 31 നാണ് അവസാനിക്കുക. കേരളത്തിന്റെ വ്യവസായ, ടൂറിസം സാധ്യതകള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണിത്. എക്‌സ്‌പോ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പ് മേധാവികളെ അയക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എക്‌സ്‌പോയില്‍ സജീവമായി പങ്കെടുക്കണം എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് വിദേശമന്ത്രാലയം നിഷേധാത്മക സമീപനം സ്വീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it