Sub Lead

അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുടെ പ്രവാഹം; സിംഘുവില്‍ പോലിസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കി; കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

അതിര്‍ത്തിയിലേക്ക് ട്രാക്ടറുകളുടെ പ്രവാഹം; സിംഘുവില്‍ പോലിസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കി;   കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്
X

ന്യൂഡല്‍ഹി: രാജ്പാത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഘു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലെക്ക് പ്രവേശിച്ചു. രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാണ് റാലി നടക്കുക എന്നായിരുന്നു റിപോര്‍ട്ടുകള്‍ . എന്നാല്‍പ്രതീക്ഷിച്ചതിലും നിശ്ചയിച്ചിരുന്ന സമയത്തെക്കാള്‍ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഘു വില്‍ ഒരു വിഭാഗം കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിര്‍ത്തിയിട്ട ട്രക്കുകള്‍ കര്‍ഷകര്‍ നീക്കുകയും ചെയ്തു.

സമാധാനപരമായി മാത്രമാണ് മാര്‍ച്ച് മുന്നോട്ടുപോകുന്നതെന്ന് കര്‍ഷകസംഘടനകള്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമരത്തിന് രാജ്യം സാക്ഷിയാകാന്‍ പോകുന്നത്. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. ഒരു ട്രാക്ടറില്‍ നാല് പേര്‍ വരെയാണ് ഉണ്ടാവുക. വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. രാജ്പഥില്‍ റിപ്ലബിക് ദിന പരേഡ് അവസാനിക്കുമ്‌ബോള്‍ തന്നെ ദില്ലി അതിര്‍്ത്തികളില്‍ ട്രാക്ടര്‍റാലിക്ക് തുടക്കമാവും.

സിംഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ട്രാക്ടര്‍ റാലിക്ക് അനുമതി. ഡല്‍ഹിയില്‍ വ്യാപക ഗതാഗത നിയന്ത്രണണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്പത്തില്‍ നിന്നും ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക, അര്‍ധ-സൈനിക പരേഡുകളാണ് സാധാരണഗതിയില്‍ റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരിപാടി. രാഷ്ട്രപതി പരേഡ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരിക്കും. ട്രാക്ടര്‍ റാലിക്കായുള്ള പ്രയാണ പാത തയ്യാറായിക്കഴിഞ്ഞതായി റാലിക്ക് നേതൃത്വം നല്‍കുന്ന സംഘടനകളില്‍ ഒന്നായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. റാലിയില്‍ കടുത്ത പൊലീസ് സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയിലൂടെയായിരിക്കും റാലിയെന്നും കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, റാലിയില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it