Sub Lead

ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ കുഞ്ഞ് മരിച്ചു

ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയ കുഞ്ഞ് മരിച്ചു
X

ജെഹാനാബാദ്: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ചു. ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ രണ്ടു വയസ്സുള്ള കുഞ്ഞാണ് ശനിയാഴ്ച മരണപ്പെട്ടത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രി(പിഎംസിഎച്ച്)യിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ആംബുലന്‍സ് നല്‍കിയില്ലെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. ജില്ലയില്‍ അടുത്തകാലത്തായി നടന്ന രണ്ടാമത്തെ സംഭവമാണിത്. സുനില്‍ മാഞ്ചിയുടെ മകനാണ് ശനിയാഴ്ച അസുഖം പിടിപെട്ടത്. മാഞ്ചിയും ഭാര്യയും കുട്ടിയെ ചികില്‍സിക്കാനായി പ്രദേശത്തെ

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പട്‌ന ആശുപത്രിയിലേക്ക് മാറ്റി. ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി ഭരണകൂടം ഒരു നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതായി ഒരു കുടുംബാംഗം ആരോപിച്ചു. തുടര്‍ന്ന് രോഗിയായ കുഞ്ഞിനെയും കൊണ്ട് മോട്ടോര്‍ സൈക്കിളില്‍ ജെഹാനാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പട്‌നയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ധന കുടുംബം തീരുമാനിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് സമീപത്തെത്തിയപ്പോള്‍ കുഞ്ഞ് മരണപ്പെട്ടു.

മകന്റെ മരണത്തില്‍ പ്രതിഷേധിച്ച് മാഞ്ചിയും ഭാര്യയും ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തി. വിവരമറിഞ്ഞ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പോലിസും സ്ഥലത്തെത്തി കുടുംബത്തിന് ആംബുലന്‍സ് ഒരുക്കിയെന്നും എന്നാല്‍ കുടുംബം ആംബുലന്‍സില്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലാണ് കുട്ടി ആശുപത്രിയിലെത്തിയിരുന്നത്. ചികില്‍സയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. നില ഗുരുതരമായതിനാല്‍ പിഎംസിഎച്ചിലേക്ക് കൊണ്ടുപോവാന്‍ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ ആദ്യം വീട്ടിലേക്ക് പോവാമെന്നാണ് പറഞ്ഞു. പിന്നീടാണ് മോട്ടോര്‍ സൈക്കിളില്‍ വച്ച് രോഗി മരിച്ചെന്ന് കേട്ടതെന്നു ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഈ മാസം ആദ്യം ജെഹാനാബാദിലെ ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുഞ്ഞ് മരണപ്പെട്ടിരുന്നു. ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് മരണപ്പെട്ടതെന്നും മൃതദേഹവുമായി നടന്നുപോവുകയും ചെയ്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.


Next Story

RELATED STORIES

Share it