Sub Lead

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി

രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാകില്ലെങ്കിലും സംസ്ഥാനത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ശക്തമായ ജാഗ്രത തുടരണം. കര്‍ക്കശ നടപടിയല്ല ജാഗ്രതയാണ് പ്രധാനം. എന്നാല്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികളിലേക്ക് പോവേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം അഞ്ചോ അതിലധികമോ പേര്‍ കൂട്ടംകുടുന്നത് പൂര്‍ണമായും തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

സാമൂഹിക അകലം പാലിക്കാന്‍ വിസ്തീര്‍ണമുള്ള കടകളില്‍ ഒരേ സമയം അഞ്ച് പേരില്‍ കുടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കള്‍ കടകള്‍ക്ക് വെളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് കാത്തുനില്‍ക്കണം. വാഹനങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ആരാധനാ സ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാസ്ഥലങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്ക്കണം. കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ക്ക് വളരെ അത്യാവശ്യ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ജോലി ചെയ്യിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കണം.

ഒക്ടോബര്‍ 2ന് മുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തുന്നതിന് നിരോധനമില്ല. കുട്ടികള്‍ക്ക് ഒപ്പമെത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്ത് നില്‍ക്കാന്‍ അനുവദിക്കില്ല.

ഫാക്ടറികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുഴുവന്‍ ജീവനക്കാരെയും ജോലിക്ക് നിയോഗിക്കാം. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാന്‍ പാടില്ല. സ്വകാര്യ ഡിസ്‌പെന്‍സറികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇത്തരം കേന്ദ്രങ്ങളുടെ കാത്തിരിപ്പ് കേന്ദ്രത്തിലോ വഴിയിലോ രോഗികള്‍ കൂട്ടംകൂടാന്‍ പാടില്ല. ഫിസിയോ തെറാപ്പി കേന്ദ്രങ്ങള്‍, ഡന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് കുറച്ച് നാളുകളായി ഉണ്ടാകുന്നത്. ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തൃശൂരില്‍ നടന്ന കൊലപാതകത്തിന് പിന്നിലും. പ്രധാന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it