Sub Lead

വിമാനയാത്രക്കിടെ ക്രൂ അംഗം അഞ്ചുവയസുകാരിയുടെ മാല മോഷ്ടിച്ചതായി പരാതി

വിമാനയാത്രക്കിടെ ക്രൂ അംഗം അഞ്ചുവയസുകാരിയുടെ മാല മോഷ്ടിച്ചതായി പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയില്‍ ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് അഞ്ച് വയസ്സുകാരിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ചതായി പരാതി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം സഞ്ചരിക്കുകയായിരുന്ന കുഞ്ഞിന്റെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കെമ്പെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ അമ്മ പ്രിയങ്ക മുഖര്‍ജിയാണ് ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ അംഗം അദിതി അശ്വിനി ശര്‍മ്മയ്‌ക്കെതിരെ പരാതി നല്‍കിയത്. കൊല്‍ക്കത്തയ്ക്ക് പോകുന്നതിന്റെ ഭാഗമായാണ് ഏപ്രില്‍ ഒന്നിന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. ശേഷം ബെംഗളൂരിവില്‍ നിന്ന് കണക്ടിങ് ഫ്‌ലൈറ്റ് എടുക്കാനായിരുന്നു തീരുമാനം. വിമാനം പറന്നുയര്‍ന്ന് കുറച്ച് സമയത്തിന് ശേഷം തന്റെ കുട്ടികള്‍ വഴക്കിട്ട് കരയാന്‍ ആരംഭിക്കുകയും മക്കളില്‍ ഒരാളെ താന്‍ നോക്കാമെന്ന് അദിതി പ്രിയങ്കയോട് പറയുകയുമായിരുന്നു.

വിമാനത്തില്‍ കുട്ടിയുമായി നടന്ന അദിതി ലാന്‍ഡ് ചെയ്യുമ്പോളാണ് മകളെ തിരികെ നല്‍കിയത്. അപ്പോളാണ് തന്റെ മകള്‍ ധരിച്ചിരുന്ന 20 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. അദിതിയോട് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എടുത്തില്ലെന്നാണ് പറഞ്ഞത്.

എയര്‍ലൈനും ഫ്‌ലൈറ്റ് അറ്റന്‍ഡന്റും ആരോപണം നിഷേധിക്കുകയാണെന്നും തന്റെ മകള്‍ വിമാനത്തില്‍ കേക്ക് കഴിക്കുന്നതിന്റെ ഒരു ചെറിയ വിഡിയോ ഞാന്‍ എടുത്തിരുന്നു, ആ സമയത്ത് അവള്‍ മാല ധരിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. മാലയുടെ വില ഏകദേശം 2.5 ലക്ഷം രൂപയാണ്, പക്ഷേ എഫ്‌ഐആറില്‍ 80,000 രൂപയാണെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരികളില്‍ നിന്ന് ശരിയായ പ്രതികരണം ലഭിക്കാത്തതിനാല്‍ ഭര്‍ത്താവ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലെത്തി. കണക്ടിങ് ഫൈറ്റ് നഷ്ടപ്പെടുകയും മറ്റൊരു വിമാനത്തില്‍ കയറുന്നതുവരെ രാത്രി വിമാനത്താവളത്തില്‍ തങ്ങുകയും ചെയ്തതായും പ്രിയങ്ക പറയുന്നു.





Next Story

RELATED STORIES

Share it