Sub Lead

ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി, മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്ക്(വീഡിയോ)

ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി, മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്ക്(വീഡിയോ)
X


ചാലിയം: ലോക്ക് ഡൗണിനെ ചൊല്ലി ചാലിയം ഫിഷറീസ് ഹാര്‍ബറില്‍ സംഘര്‍ഷം. പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ അഞ്ചു മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ ഏഴോടെയാണു സംഭവം. പരിക്കേറ്റ ചാലിയം സ്വദേശികളായ ടി കെ സിദ്ദീഖ്, ജയ്‌സല്‍, ടി കെ സെയ്തലവി, കെ വി സലീം, വി കെ അലിമോന്‍ എന്നിവരെ ഫറോക്ക് ചന്തയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നപ്പോള്‍ ഞായറാഴ്ചകളില്‍ ഹാര്‍ബറിലും ബീച്ചിലുമായി നിരവധി പേര്‍ സന്ദര്‍ശകരായി എത്തിയിരുന്നു. ഇത് ഹാര്‍ബര്‍ പരിസരത്ത് മല്‍സ്യവില്‍പ്പനയില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നതിനു കാരണമായി. ഇത് കൊവിഡ് വ്യാപനത്തിനു കാരണമാക്കിയേക്കുമെന്ന ആശങ്ക പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പ്രത്യേക യോഗം ചേര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരുന്നു. തൊഴിലാളികളായും വിപണനത്തിന്റെ ഭാഗമായും അപരിചിതരും പുറം നാട്ടുകാരും കൂട്ടമായെത്തി കൊവിഡ് പ്രോട്ടോകോളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കൈവിട്ട് പോവാനിടയാക്കുമെന്ന് വിലയിരുത്തിയ യോഗം ഹാര്‍ബറില്‍ മീന്‍ ചില്ലറ വില്‍പനയും വ്യക്തികള്‍ക്കുള്ള വിപണനവും വിലക്കി. മാത്രമല്ല, മാറാട് മുതല്‍ പരപ്പനങ്ങാടി വരെയുള്ള വള്ളങ്ങള്‍ക്കു മാത്രമേ ചാലിയത്ത് പ്രവേശനം നല്‍കുകയുള്ളൂവെന്നും ഡബിള്‍ നെറ്റ് വല ഉപയോഗത്തിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം കുളച്ചല്‍ മേഖലയിലുള്ള തൊഴിലാളികള്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാതെ ജോലിക്കെത്തിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഇതോടെ പോലിസ്, മല്‍സ്യത്തൊഴിലാളി-വിപണന പ്രതിനിധികള്‍, ഗ്രാമപ്പഞ്ചായത്ത്, ഫിഷറീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ഫിഷ്‌ലാന്റിങ് പരിപാലന കമ്മിറ്റി യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ചില വള്ളങ്ങള്‍ കടലിലിറങ്ങിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. എന്നാല്‍, മല്‍സ്യത്തൊഴിലാളികള്‍ക്കെതിരേ പോലിസ് അകാരണമായാണ് പോലിസ് ലാത്തിവീശിയതെന്നാണ് ആരോപണം. ബേപ്പൂര്‍ സിഐ ടി എന്‍ സന്തോഷ് കുമാര്‍, തീരദേശ പോലിസ് സ്‌റ്റേഷന്‍ സിഐ പി അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വന്‍ പോലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.


Next Story

RELATED STORIES

Share it