- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വഖ്ഫ് നിയമഭേദഗതി മുസ്‌ലിംകള്‍ക്കെതിരായ വിവേചനം'' ; കോണ്‍ഗ്രസും ഉവൈസിയും സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതി ബില്ലിനെതിരേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസിയും സുപ്രിംകോടതിയെ സമീപിച്ചു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ 14ാം അനുഛേദവും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 25ാം അനുഛേദവും മതകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 26ാം അനുഛേദവും ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന 29ാം അനുഛേദവും സ്വത്തവകാശം നല്‍കുന്ന 300ാം അനുഛേദവും ലംഘിക്കുന്നതാണ് ബില്ലെന്ന് മുഹമ്മദ് ജാവേദിന്റെ ഹരജി ചൂണ്ടിക്കാട്ടുന്നു.
മറ്റു മതസ്ഥരുടെ ആരാധനാപരമായ ഭരണസംവിധാനങ്ങളിലൊന്നും ഇതര മതസ്ഥര്‍ക്ക് പങ്കാളിത്തമില്ലെന്ന് ഹരജി പറയുന്നു. ഹിന്ദു, സിഖ് മതസ്ഥാപനങ്ങളില്‍ ഒരു പരിധി വരെ സ്വയംഭരണം നടക്കുകയാണ്. എന്നാല്‍, വഖ്ഫ് നിയമഭേദഗതി നിയമത്തിലൂടെ മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇത് നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന വ്യവസ്ഥയുടെ ലംഘനമാണ്. അഞ്ച് വര്‍ഷമായി ഇസ്‌ലാം പിന്തുടരുന്നവര്‍ മാത്രമേ വഖ്ഫ് ചെയ്യാന്‍ അര്‍ഹരാവൂ എന്ന വ്യവസ്ഥ കേട്ടുകേള്‍വിയില്ലാത്തതാണ്. ഇത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25ാം അനുഛേദത്തിന് എതിരാണ്. അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് നേരെ വിവേചനം ഏര്‍പ്പെടുത്തുന്നത് മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന 15ാം അനുഛേദത്തിന്റെയും ലംഘനമാണ്.
ഒരു സ്വത്ത് ഉപയോഗം മൂലം വഖ്ഫായി മാറുമെന്ന വകുപ്പ് എടുത്തുകളയുന്നതും ഭരണഘടനാ വിരുദ്ധമാണ്. ഇത് ബാബരി മസ്ജിദ് കേസില്‍ വരെ അംഗീകരിച്ചിട്ടുള്ള വകുപ്പാണ്. ചരിത്രപരമായ ഉപയോഗം മൂലം വഖ്ഫായി മാറിയ സ്വത്തുക്കള്‍ക്ക് മേലുള്ള അവകാശം എടുത്തുകളയാനാണ് ഇത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുടെ 26ാം അനുഛേദത്തിന്റെ ലംഘനമാണിത്.
കേന്ദ്രസംസ്ഥാന വഖ്ഫ് ബോര്‍ഡുകളില്‍ ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തുന്നത് മുസ്‌ലിംകളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ ഹിന്ദു ആരാധനാലയങ്ങളിലെ ഭരണം ഹിന്ദുക്കള്‍ മാത്രമാണ് നിര്‍വഹിക്കുന്നത്. ഒരു സ്വത്തിന്റെ വഖ്ഫ് സ്വഭാവം പരിശോധിക്കാന്‍ വഖ്ഫ് ബോര്‍ഡുകള്‍ക്കുള്ള അധികാരം കലക്ടര്‍മാര്‍ക്ക് നല്‍കുകയാണ് നിര്‍ദിഷ്ട നിയമം ചെയ്യുന്നത്. മതപരമായ കാര്യങ്ങള്‍ക്കായി വ്യക്തികള്‍ സ്വത്ത് സമര്‍പ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സ്വത്തവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 300ാം അനുഛേദത്തിനും എതിരാണ്. മതപരമായ സ്വത്തിന്റെ നിയന്ത്രണ അധികാരം സെക്യുലര്‍ സംവിധാനങ്ങള്‍ക്ക് കൈമാറുന്നത് ന്യൂനപക്ഷ അവകാശങ്ങളുടെയും സ്വത്തവകാശത്തിന്റെയും ലംഘനമാണെന്ന് രതിലാല്‍ പനാചന്ദ് ഗാന്ധി-സ്‌റ്റേറ്റ് ഓഫ് ബോംബൈ കേസില്‍ 1954ല്‍ തന്നെ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും മുഹമ്മദ് ജാവേദ് ചൂണ്ടിക്കാട്ടി.
മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിചലനമാണ് ബില്ലെന്ന് ഉവൈസിയുടെ ഹരജി പറയുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ സ്വത്തുക്കളുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുകയും വഖ്ഫ് ഭരണത്തില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ ബില്ല്. വഖ്ഫ് ആര്‍ക്കൊക്കെ രൂപീകരിക്കാമെന്നതിലെ നിയന്ത്രണം 1937ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ (ശരീഅത്ത്) ആപ്ലിക്കേഷന്‍ ആക്ടിലെ 3, 4 വകുപ്പുകളുടെ ലംഘനമാണ്. ഒരാള്‍ അഞ്ചുവര്‍ഷം മുസ്‌ലിം ആയിരുന്നു എന്ന് തെളിയിക്കുന്നത് ഭരണഘടനയുടെ 14, 15, 300എ അനുഛേദങ്ങളുടെ ലംഘനമാണ്. ഒരാള്‍ സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ മൂന്നാം കക്ഷിയെ അറിയിക്കുകയും അവര്‍ അത് വിലയിരുത്തുകയും ചെയ്യുന്നത് എന്ത് രീതിയാണ്. ഇത് ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ ലംഘനമാണ്. അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചവരോടുള്ള വിവേചനവും സ്വന്തം സ്വത്ത് ഇഷ്ടംപോലെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നതുമാണ് പുതിയ വ്യവസ്ഥകള്‍.
പണ്ടുമുതലേ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുള്ള സ്വത്ത് വഖ്ഫായിരിക്കുമെന്ന് ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി സ്ഥിരീകരിച്ചതാണ്. ഒരു സ്വത്ത് വഖ്ഫാണെന്ന് വാക്കാല്‍ പറഞ്ഞാല്‍ അതും ബാധകമാണെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്.
ഒരു മതവിഭാഗത്തിന്റെ സ്ഥാപനങ്ങളും സ്വത്തുക്കളും നിയന്ത്രണ നടപടികള്‍ക്ക് വിധേയമാക്കാമെങ്കിലും അവ ഭരിക്കാനുള്ള അവകാശം നിയമനിര്‍മാണപരമായി റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ്‌സ്-ലക്ഷ്മീന്ദ്ര തീര്‍ത്ഥ സ്വാമിയാര്‍ (ശിരൂര്‍ മഠം) കേസില്‍ സുപ്രിംകോടതി വിധിച്ചിട്ടുണ്ട്.പുരാതന സംരക്ഷിത സ്മാരകമായോ പുരാവസ്തു സ്ഥലമായോ പ്രഖ്യാപിക്കപ്പെട്ട ഒരു വസ്തു വഖ്ഫ് സ്വത്താവുന്നത് തടയുന്ന ബില്ലിലെ 3ഡി വകുപ്പിനെയും ഉവൈസി ചോദ്യം ചെയ്യുന്നു.
1904ലെ പുരാതന സ്മാരക സംരക്ഷണ നിയമവും 1958ലെ പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു സ്ഥലങ്ങളുടെയും അവശിഷ്ടങ്ങളുടെയും സംരക്ഷണ നിയമവും പ്രകാരം 'സംരക്ഷിത സ്മാരകം' അല്ലെങ്കില്‍ 'സംരക്ഷിത പ്രദേശം' ആയ സ്വത്തില്‍ നിലവിലുള്ള വഖ്ഫ് നിയമപ്രകാരം മുമ്പ് പുറപ്പെടുവിച്ച പ്രഖ്യാപനങ്ങളും വിജ്ഞാപനങ്ങളും മുന്‍കാല പ്രാബല്യത്തോടെ അസാധുവാക്കുന്നതാണ് 3ഡി വകുപ്പെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി ആരാധനയ്ക്കായി ഉപയോഗിക്കുന്ന നൂറുകണക്കിന് വഖ്ഫ് സ്വത്തുകള്‍ കൈയടക്കാനുള്ള ശ്രമമാണ് ഇത്. രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന പള്ളികളെയും ദര്‍ഗകളെയും മറ്റ് ഇസ്‌ലാമിക ആരാധനാലയങ്ങളെയും ചുറ്റിപ്പറ്റി വര്‍ഗീയ സംഘര്‍ഷങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ട്. ചരിത്രപരമായ മുറിവുകള്‍ വീണ്ടും തുറക്കുകയും സുപ്രിംകോടതി അംഗീകരിച്ച 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യും പുതിയ നിയമ ഭേദഗതി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ വഖ്ഫ് ചെയ്യുന്നതിനെ വിലക്കുന്ന 3ഇ വകുപ്പിനെയും ഉവൈസി ചോദ്യം ചെയ്യുന്നുണ്ട്. ആദിവാസികള്‍ മതം മാറിയാലും ആദിവാസി പദവി തുടരുകയും ഇസ്‌ലാം സ്വത്വം വരുകയുമാണ് ചെയ്യുകയെന്ന് ഉവൈസി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ആദിവാസികള്‍ക്ക് സ്വന്തം മതം ആചരിക്കാന്‍ അനുവദിക്കാത്തതാണ് പുതിയ ബില്ല്. കൂടാതെ മുസ്‌ലിംകളായ ആദിവാസികളും മറ്റ് ആദിവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാനും ബില്ല് കാരണമാവുമെന്നും ഉവൈസിയുടെ ഹരജി പറയുന്നു.
RELATED STORIES
വെജിറ്റബിള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ചിക്കന്‍ ബിരിയാണി...
8 April 2025 12:10 PM GMTയുക്തിവാദി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
8 April 2025 11:48 AM GMTവഖ്ഫ് സ്വത്തിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുക: അല്‍ കൗസര്‍...
8 April 2025 11:18 AM GMTമദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു.
8 April 2025 10:50 AM GMTബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ പിതാവ് മരിച്ചു
8 April 2025 10:31 AM GMTവഖ്ഫ് ഭേദഗതി നിയമം; ജമ്മു കശ്മീര്‍ നിയമസഭയില്‍ ബഹളം; പിഡിപി നേതാവിനെ...
8 April 2025 10:01 AM GMT