Sub Lead

കോണ്‍ഗ്രസ് വല്ലാത്ത ഭയപ്പാടിലാണ്; ലീഗിനെ അവിശ്വാസമാണെന്നും ഇ പി ജയരാജന്‍

കോണ്‍ഗ്രസ് വല്ലാത്ത ഭയപ്പാടിലാണ്; ലീഗിനെ അവിശ്വാസമാണെന്നും ഇ പി ജയരാജന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് വല്ലാത്ത ഭയപ്പാടിലാണെന്നും മുസ്‌ലിം ലീഗില്‍ അങ്ങേയറ്റത്തെ അവിശ്വാസമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ സിപിഎം അനുകൂല ട്രസ്റ്റ് സംഘടിപ്പിച്ച എംവിആര്‍ അനുസ്മരണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചെങ്കിലും നേരിട്ട് പങ്കെടുക്കാതെ വീഡിയോ സന്ദേശത്തിലൂടെ പങ്കാളിയായ വിഷയത്തിലെ ചോദ്യത്തോടായിരുന്നു ജയരാജന്റെ പരാമര്‍ശം. കോണ്‍ഗ്രസിന്റെ ഭയപ്പാട് കാരണം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. അവരെങ്ങോട്ടു പോവുന്നു എന്ന് നോക്കാന്‍. രണ്ടു നേതാക്കളില്‍ ഒരാള്‍ രാവിലെ പോവുന്നു ലീഗിന്റെ ഔദ്യോഗിക നേതാവിന്റെ വസതിയിലേക്ക്. ഉച്ചകഴിയുമ്പോള്‍ വേറൊരു നേതാവ് പോവുന്നു. വൈകുന്നേരം ആവുമ്പോള്‍ വേറെ നേതാക്കള്‍ പോകുന്നു. ഇങ്ങനെ മുസ്‌ലിം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഇത്രമാത്രം ദുര്‍ബലതയാണ് ഇവിടെ കോണ്‍ഗ്രസ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് എല്ലാവരോടും സ്‌നേഹമാണ്. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരാണ്, മനുഷ്യസ്‌നേഹികളാണ്. അതുകൊണ്ട് ഞങ്ങള്‍ എല്ലാ കാര്യത്തിലും മനുഷ്യനു വേണ്ടിയുള്ള നിലപാട് സ്വീകരിക്കും. കണ്ണൂരില്‍ സിപിഎം സംസ്ഥാന കമ്മറ്റിയോ ജില്ലാ കമ്മറ്റിയോ സംഘടിപ്പിച്ച പരിപാടിയല്ല ഇത്. സഖാവ് എം വി രാഘവന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവ് തന്നെയായിരുന്നു. അദ്ദേഹം പിന്നീട് സിഎംപി രൂപീകരിച്ചു. പാര്‍ട്ടിയിലുണ്ടായിരുന്ന കുറേയാളുകള്‍ സിഎംപിയിലേക്ക് പോയി. കുറേ പേര്‍ തിരികെ വന്നു. ആ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെ എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഭയപ്പെടുന്നത്?. കുഞ്ഞാലിക്കുട്ടിയെ നികേഷാണ് ക്ഷണിച്ചതെന്ന് അദ്ദേഹംതന്നെ പറഞ്ഞു. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്ന് അറിയിച്ചു. കാരണം കുഞ്ഞാലിക്കുട്ടിയുമായി വളരെക്കാലത്തെ അടുത്ത ബന്ധമുള്ള ആളാണ് എം വി രാഘവന്‍. അതുകൊണ്ട് അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത്. സിപിഎമ്മിന് ഒരു ദുര്‍ബലതയുമില്ല. നിങ്ങള്‍ക്കറിയാം 91ല്‍ നിന്ന് 99ല്‍ എത്തി. ഇപ്പോള്‍ കേരള രാഷ്ട്രീയം ആകെ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായിട്ടാണ്. അങ്ങനെ നല്ലൊരു രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണുള്ളത്. ഇനിയും ഭരണം ഉണ്ടാവണം, ഇനിയും വരണം, ഇനിയും ഒരുപാട് കാര്യങ്ങള്‍ നേടാനുണ്ട്. അതിന് ഈ മുന്നണി തന്നെ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തലുള്ളവര്‍. അത്തരത്തില്‍ ഒരു മാറ്റം ബഹുജനങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സ്വഭാവികമായും മുസ്‌ലിം ലീഗിനകത്തും അതുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റയ്ക്കു നിന്നാല്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും വിജയിക്കില്ല. എന്നാല്‍ മുസ്‌ലിം ലീഗിന് ഒറ്റയ്ക്കു ജയിക്കാനുള്ള ശക്തിയുണ്ട്. കോണ്‍ഗ്രസ് വലിയ പ്രബല ശക്തിയൊന്നുമല്ലെന്ന് മുസ്‌ലിം ലീഗിന് അറിയാം. അതുകൊണ്ട് ലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന പാര്‍ട്ടിയായി കേരളത്തില്‍ കോണ്‍ഗ്രസ് മാറി. അവരുടെ നയപരമായ തകര്‍ച്ച കൂടി അവരുടെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടിക്കൊണ്ടിരിക്കുന്നു.

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് പലസ്തീന്‍ പ്രശ്‌നം. കോണ്‍ഗ്രസിലെ തന്നെ പ്രമുഖനായ ഒരു നേതാവ് മലപ്പുറം ജില്ലക്കാരനാണ്. ആര്യാടന്‍ ഷൗക്കത്ത്. അദ്ദേഹം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്ത് ഒരു പരിപാടി സംഘടിപ്പിച്ചു. അതിനെതിരേ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുന്നു. അത് സാമാന്യ ഗതിയില്‍ ജനങ്ങളിലുണ്ടാക്കുന്ന പ്രതികരണം എത്ര വലുതാണ്. അത് മുസ് ലിം ലീഗിനകത്തും പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഈ നിലപാടിനോട് മുസ്‌ലിം ലീഗിനുള്ളില്‍ തന്നെ ശക്തമായ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് കേരള രാഷ്ട്രീയത്തില്‍ ശക്തിപ്പെട്ടു വരികയാണ്. അതുകൊണ്ടു കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍നിന്ന്, അവരുടെ നിലപാടുകളില്‍നിന്ന്, അവരുടെ വ്യതിയാനങ്ങളില്‍നിന്ന് അസംതൃപ്തരായിട്ടുള്ള യുഡിഎഫിലെ തന്നെ പല പാര്‍ട്ടികളും ബഹുജനങ്ങളും അവരില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്നു. അത് ഭയന്നിട്ടാണ് ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ പിന്നാലെ പോകുന്നതും അവരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it