Sub Lead

കൊറോണ: കാസര്‍കോട്ടെ കര്‍ശന നിയന്ത്രണം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കൊറോണ: കാസര്‍കോട്ടെ കര്‍ശന നിയന്ത്രണം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍
X

തിരുവനന്തപുരം: ആറുപേര്‍ക്ക് കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശന നിയന്ത്രങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസര്‍കോട് കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്. ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളും മറ്റു പൊതുസ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടണം. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല.

പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയില്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ഓഫിസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സന്നദ്ധരായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി വകുപ്പ് പ്രകാരം കേസെടുക്കും. ഉത്തരവ് നടപ്പാക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടറേയും ജില്ലാ പോലിസ് മേധാവിയേയും ചുമതലപ്പെടുത്തി.




Next Story

RELATED STORIES

Share it