Sub Lead

കോഴിക്കോട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി; ലീഗ് കൗണ്‍സിലറുടെ കണ്ണിന് പരിക്ക്

കയ്യാങ്കളിയില്‍ പ്രതിപക്ഷ നിരയിലുള്ള ലീഗ് കൗണ്‍സിലര്‍ സി അബ്ദുറഹ്മാന് പരിക്കേറ്റു. മുസ്ലീം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയാണ് സി അബ്ദുറഹ്മാന്‍

കോഴിക്കോട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി; ലീഗ് കൗണ്‍സിലറുടെ കണ്ണിന് പരിക്ക്
X

കോഴിക്കോട്:നഗരസഭാ യോഗത്തില്‍ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അജണ്ട അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കയ്യാങ്കളിയില്‍ പ്രതിപക്ഷ നിരയിലുള്ള ലീഗ് കൗണ്‍സിലര്‍ സി അബ്ദുറഹ്മാന് പരിക്കേറ്റു. മുസ്ലീം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയാണ് സി അബ്ദുറഹ്മാന്‍. ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരംഭിച്ച കൗണ്‍സില്‍ യോഗത്തിലാണ് ഭരണ പ്രതിപക്ഷ നേതാക്കള്‍ ചേരിതിരിഞ്ഞ് പോര്‍വിളി നടത്തുകയും ഏറ്റുമുട്ടുകയും ചെയ്തത്. ഇതോടെ കൗണ്‍സില്‍ യോഗം മണിക്കൂറുകളോളം തടസപ്പെട്ടു.

കയ്യാങ്കളിക്കിടെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചേംബറില്‍ കുടുങ്ങി. പുറത്തുപോവാന്‍ അനുവദിക്കാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞു.ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാരെത്തിയാണ് പ്രശ്‌നത്തിന് അയവു വരുത്തിയത്.

അമൃത്പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാ ബാലകൃഷ്ണനാണ് അജണ്ട അവതരിപ്പിച്ചത്. സീവേജ് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും സ്വീവറേജ് നെറ്റ് വര്‍ക്കും സ്ഥാപിക്കുവാന്‍ ആവശ്യമായ ഡിപിആര്‍ തയാറാക്കുവാന്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച റാം ബയോജിക്കല്‍ തയാറാക്കിയ ഡിപിആര്‍ ഉപയോഗിച്ച് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോയെന്നും പദ്ധതിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണത്തിനായി കോതി, ആവിക്കല്‍തോട് എന്നീ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തതില്‍ കൗണ്‍സില്‍ തീരുമാനമുണ്ടോയെന്നുമായിരുന്നു ചോദ്യം.

ഇതിനുള്ള ഉത്തരം നല്‍കിയെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത മേഖലയില്‍ പൊതുജനാഭിപ്രായം ശേഖരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷം ബഹളംവച്ചത്.ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റ് നിന്നെങ്കിലും ഭരണപക്ഷം ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് വാഗ്വാദമുണ്ടായി.പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഭരണകക്ഷിയിലുള്ളവര്‍ ഇവരെ തടയാനെത്തിയതോടെ

ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെയാണ് അബ്ദുറഹ്മാന് പരിക്കേറ്റത്. ഒടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് ഇരുവിഭാഗത്തേയും ശാന്തമാക്കിയത്. അബ്ദുര്‍റഹ്്മാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍്‌പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it