Sub Lead

അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി; 2730 കോടി അനുവദിക്കും

ഇത് കൊവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതും ഇതാണ്. മന്ത്രി പറഞ്ഞു.

അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍കൂടി വിതരണം ചെയ്യാന്‍ ഉത്തരവിറങ്ങി;  2730 കോടി അനുവദിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മാസത്തെ പെന്‍ഷന്‍കൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. ഇപ്പോള്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് വീടുകളില്‍ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്.

ഇനി ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ അനുവദിക്കുകയാണ്. രണ്ട് പ്രത്യേകതകളുണ്ട്. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കുകയാണ്. ഈ പെന്‍ഷനാകട്ടെ 1200 അല്ല 1300 രൂപയാണെന്നും മന്ത്രി പറഞ്ഞു.

അഞ്ച് മാസങ്ങള്‍ക്കുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ കുടിശിക തീര്‍ക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 15 നുള്ളില്‍ മസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2020 ഫെബ്രുവരി 15 വരെ മസ്റ്റര്‍ ചെയ്തവര്‍ക്കുകൂടി കുടിശികയടക്കം പണം അനുവദിക്കുന്നുണ്ട്.

ഇതിനുപുറമേ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തപ്പോള്‍ മസ്റ്റര്‍ ചെയ്തുവെങ്കിലും വിവാഹം / പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമര്‍പ്പിക്കാത്തവര്‍ക്ക് പെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവര്‍ ജൂണ്‍ മാസത്തിനുള്ളില്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെന്‍ഷനായി അനുവദിക്കുന്നത്.

ഇതില്‍ 1350 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രില്‍ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയുള്ളൂ. എന്നാല്‍ സഹകരണ സംഘങ്ങള്‍ വഴിയുള്ള വിതരണം ഏപ്രില്‍ ആദ്യവാരം തന്നെ തുടങ്ങും.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വയോജന പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിങ്ങനെ അഞ്ച് സ്‌കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഇതിനുപുറമേ, 162 കോടി രൂപയുടെ കര്‍ഷകപെന്‍ഷനടക്കം 16 ക്ഷേമനിധികളിലെ 6 ലക്ഷത്തോളം അംഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും 369 കോടി രൂപ അനുവദിക്കുന്നു. ചുമട്ടുതൊഴിലാളി, മോട്ടോര്‍ വാഹനം, കെട്ടിട നിര്‍മ്മാണം, കള്ള്‌ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളില്‍ നിന്നും 4 ലക്ഷം ആളുകള്‍ക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തെ പെന്‍ഷന്‍ തുകകൂടി ചേര്‍ത്താല്‍ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകള്‍ക്കായി വിതരണം ചെയ്യുന്നത്.

ഇത് കൊവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇന്‍കം ട്രാന്‍സ്ഫര്‍ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതും ഇതാണ്. ഇന്ത്യാ രാജ്യത്ത് സാര്‍വ്വത്രിക പെന്‍ഷന്‍ നടപ്പാക്കുക. പെന്‍ഷന്‍ തുകയാകട്ടെ ഇന്നത്തെ 200-300 രൂപയില്‍ നിന്നും 1000 രൂപയായി ഉയര്‍ത്തണമെന്നും ഐസക് പറഞ്ഞു.

Next Story

RELATED STORIES

Share it