Sub Lead

ഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പോലും സര്‍ക്കാരിന് മധ്യവര്‍ഗങ്ങളോട് താല്പര്യം കാണുന്നു. ഇടത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടും ഇടതായിരിക്കണം.

ഇടതുമുന്നണി മധ്യവർഗത്തിന് പിന്നാലെ ഓടുന്നു: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം
X

കാസർകോട്: സംസ്ഥാന സർക്കാരിന് ധൂർത്തെന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപോർട്ടിലാണ് സർക്കാരിനും മുന്നണിക്കുമെതിരായ വിമർശനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവർത്തന റിപോർട്ടിൽ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പോലും സര്‍ക്കാരിന് മധ്യവര്‍ഗങ്ങളോട് താല്പര്യം കാണുന്നു. ഇടത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടും ഇടതായിരിക്കണം. അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനമുയരുന്നത് ഗൗരവമായി കാണണം. വിമര്‍ശകരെയെല്ലാം വലത് രാഷ്ട്രീയക്കാരെന്നും വികസന വിരോധികളെന്നും ആക്ഷേപിക്കുന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമനിധിയും തൊഴിലുറപ്പ് ക്ഷേമനിധിയും ഇപ്പോഴും എവിടെയുമെത്തിയില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായ വീട്ടമ്മമാരുടെ പെന്‍ഷന്‍ പദ്ധതിയും പരിഗണിച്ചിട്ടില്ലെന്നുമാണ് സിപിഐ പ്രവർത്തന റിപോർട്ടിലെ വിമര്‍ശനം.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വം വ്യക്തമായ നിലപാടെടുത്തില്ലെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയെ വിമർശിക്കേണ്ട ഒരു സന്ദർഭത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാകുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പോലിസ് പക്ഷപാതപരമായി പെരുമാറുന്നു. ഇത് ഗൗരവത്തോടെ കാണണം. സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിർത്തണമെന്നും റിപോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്..

മുതിർന്ന നേതാവ് ആനി രാജയെ എതിർത്ത് പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശരിയല്ലെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു. പാർട്ടി ജില്ലാസമ്മേളനങ്ങളിലെല്ലാം കാനത്തിനെതിരേ ഉയർന്ന പ്രധാന വിമർശനം, സെക്രട്ടറി പിണറായിയുടെ അടിമയായി എന്നാണ്. പാർട്ടി സമ്മേളന കാലത്തെ സഭാസമ്മേളനം ഇത് കൊണ്ട് തന്നെ കാനത്തിനും നിർണായകം. ഭരണം വേണം, ഒപ്പം നിലപാട് വ്യക്തമാക്കണം, പാ‍ർട്ടിയിലെ വിമർശകർക്ക് മറുപടി നൽകണം. അതിനാൽ അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം വീണ്ടും സഭ സമ്മേളിച്ച് ചർച്ച നടത്തുമ്പോൾ സിപിഐ എന്ത് നിലപാടെടുക്കും എന്നതും ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it