Sub Lead

അസം നിയമസഭാ തിരഞ്ഞെടുപ്പ്: ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കും

അസം നിയമസഭാ തിരഞ്ഞെടുപ്പ്: ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കും
X

ഗുവാഹത്തി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരേ മഹാ സഖ്യത്തില്‍ ഇടതുപാര്‍ട്ടികളായ സിപിഐ, സിപിഐ(എംഎല്‍) എന്നിവരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപ്പുന്‍ ബോറയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എല്ലാ ഇടതുപാര്‍ട്ടികളും തത്ത്വത്തില്‍ വോട്ടെടുപ്പില്‍ മല്‍സരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ പോരാടുമെന്ന് പ്രഖ്യാപിച്ച ഒക്ടോബര്‍ എട്ടിന് കോണ്‍ഗ്രസ് സിപിഐയുമായി കൂടിക്കാഴ്ച നടത്തി.

''അസമിനും അസമികള്‍ക്കും ഇന്ന് ഏറ്റവും വലിയ ഭീഷണിയാണ് ബിജെപി. സാമുദായികവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ പരാജയപ്പെടുത്താന്‍ എല്ലാ ബിജെപി വിരുദ്ധ ശക്തികളെയും ഒന്നിപ്പിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം'' ബോറ പറഞ്ഞു.

യോഗത്തില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ദെബബ്രത സൈകിയ, കോണ്‍ഗ്രസിന്റെ റകിബുല്‍ ഹുസയ്ന്‍, സിപിഐ സംസ്ഥാന സെക്രട്ടറി മുനിന്‍ മഹന്ത, സിപിഐ(എംഎല്‍) അസം യൂനിറ്റ് സെക്രട്ടറി റുബുല്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്(എഐയുഡിഎഫ്) നിര്‍ദ്ദിഷ്ട മഹാസഖ്യത്തില്‍ അംഗമാകാന്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും എഐയുഡിഎഫിന്റെയും പിന്തുണയുള്ള രാജ്യസഭാ അംഗം അജിത് കുമാര്‍ ഭൂയാന്‍ അവതരിപ്പിച്ച പുതിയ പ്രാദേശിക കൂട്ടായ്മയായ 'അഞ്ചാലിക് ഗണ മോര്‍ച്ച' (എജിഎം) പ്രതിപക്ഷ ഗ്രൂപ്പില്‍ അംഗമാകാന്‍ സമ്മതിച്ചിട്ടുണ്ട്.

126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കും. നിലവിലെ സഭയില്‍ 60 എംഎല്‍എമാരുള്ള ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. സഖ്യകക്ഷികളായ അസംം ഗണ പരിഷത്ത്(എജിപി), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) എന്നിവയ്ക്ക് യഥാക്രമം 14 ഉം 12 ഉം നിയമസഭാംഗങ്ങളാണുള്ളത്. ഭരണപക്ഷത്തിന് ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസിന് 23ഉം എഐയുഡിഎഫിന് 14 എംഎല്‍എമാരുമാണുള്ളത്.

CPI, CPI(ML) Join Hands With Congress To Contest Assam Assembly Polls




Next Story

RELATED STORIES

Share it