Sub Lead

ക്രമക്കേടിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ട്; കരുവന്നൂര്‍ തട്ടിപ്പിൽ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം

ലോക്കല്‍ കമ്മിറ്റിയേയും ഏരിയ കമ്മിറ്റിയേയും മറികടന്ന് ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയുടെ സബ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടു.

ക്രമക്കേടിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ട്; കരുവന്നൂര്‍ തട്ടിപ്പിൽ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം
X

തൃശൂർ: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം. ആദ്യമായി ക്രമക്കേട് പാര്‍ട്ടിക്കകത്ത് റിപോര്‍ട്ട് ചെയ്തത് താനെന്ന് ജോസ് ചക്രാമ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയേയും ഏരിയ കമ്മിറ്റിയേയും മറികടന്ന് ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയുടെ സബ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേടില്‍ സിപിഎം ഏരിയാ-ലോക്കല്‍ ഘടകത്തിലെ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ക്രമക്കേടിന്‍റെ പ്രധാന സൂത്രധാരന്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാറാണ്. പാര്‍ട്ടി ഏരിയ സെന്‍റര്‍ അംഗമായിരുന്ന ഇയാള്‍ ഭരണസമിതി അംഗങ്ങളെ കണ്ടത് അടിമകളെ പോലെയാണ്. ബാങ്ക് പ്രസിഡന്‍റ് സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളിയതാണ് ബാങ്കിന്‍റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജോസ് ചക്രാമ്പിള്ളി പറഞ്ഞു.

അഴിമതി നടന്നത് ഉദ്യോഗസ്ഥ തലത്തിലാണ്, ചില പാര്‍ട്ടിക്കാര്‍ അതിന് കൂട്ട് നിന്നിട്ടുണ്ട്. സുനില്‍കുമാര്‍, ബിജു, ബിജോയ്, ജില്‍സ് എന്നിവരാണ് ക്രമക്കേടിന് പിന്നില്‍. ക്രമവിരുദ്ധമായി ലോണുകള്‍ അനുവദിച്ചത് 2006 മുതലാണ്. താന്‍ ഭരണസമിതിയിലെത്തുന്നത് 2016ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ടി നേതൃത്വത്തെ സമീപിച്ചത്.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന സികെ ചന്ദ്രനും സുനില്‍കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു. താന്‍ ഭരണസമിതിയില്‍ എത്തിയ ശേഷമാണ് ഇരുവരും അകലുന്നത്. ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന് എതിരേ പോലും നടപടി വന്നപ്പോള്‍ തനിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തില്ല. ഇതിന് കാരണം താന്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കരുവന്നൂർ ബാങ്കിന്റെ മാപ്രാണത്തെ കെട്ടിട നിർമാണത്തിൽ അഴിമതിയുണ്ടായെന്ന് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചു. കമ്മീഷൻ തട്ടുന്നതിനായി ഒരേ വ്യക്തിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ഒന്നിലേറെ തവണ ടെൻഡർ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിരവധി തവണ കമ്മീഷൻ നേടിയെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർ​ഗീസ് പ്രതിരോധത്തിലായി. കരുവന്നൂർ തട്ടിപ്പ് വിവാദമാകും മുമ്പ് തന്നെ അദ്ദേഹത്തിന്റെ മുന്നിൽ പരാതിയെത്തിയിട്ടും നടപടിയെടുക്കാൻ തയാറാകാതിരുന്നത് സംശയാസ്പദമാണ്. വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാൻ എം എം വർ​ഗീസ് ഇതുവരെ തയാറായിട്ടില്ല.

Next Story

RELATED STORIES

Share it