Sub Lead

സഹകരണ ബാങ്ക് മേഖലയില്‍ ബിജെപിക്ക് സിപിഎം വഴിയൊരുക്കുന്നു: ജോണ്‍സണ്‍ കണ്ടച്ചിറ

സഹകരണ ബാങ്ക് മേഖലയില്‍ ബിജെപിക്ക് സിപിഎം വഴിയൊരുക്കുന്നു: ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: സഹകരണ ബാങ്ക് മേഖലയില്‍ ബിജെപിക്ക് ഇടപെടാന്‍ സിപിഎം വഴിയൊരുക്കിക്കൊടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. സഹകരണ ബാങ്ക് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ബിജെപി തക്കം പാര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. സംസ്ഥാനത്തെ കാര്‍ഷിക, വ്യാവസായിക മേഖലയില്‍ ജനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന സഹകരണ ബാങ്ക് മേഖലയെ തകര്‍ച്ചയിലെത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുവലതു മുന്നണികള്‍ക്കാണ്. എതിര്‍ ശബ്ദങ്ങളെ വിരട്ടി ഒതുക്കാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്ന ഇഡിയെ സഹകരണ മേഖലയില്‍ കയറി നിരങ്ങാന്‍ അവസരമൊരുക്കിയത് സിപിഎമ്മിന്റെ അഴിമതിയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മാത്രം 500 കോടിയുടെ ക്രമക്കേട് നടന്നതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തല്‍. തൃശൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വിസ് സഹകരണ ബാങ്ക് ഉള്‍പ്പെടെ 45 ഓളം സഹകരണ ബാങ്കുകള്‍ ഇഡി നിരീക്ഷണത്തിലാണ്.

കേന്ദ്ര സഹകരണ നയത്തില്‍ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്ട് വെയര്‍ സംവിധാനം അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന കേരളത്തില്‍ ഇനി ഇഡി നേരിട്ട് ഇടപെട്ട് മെരുക്കിയെടുക്കുന്ന സ്ഥിതിയാണ്. അതേസമയം, ഇടതുവലതു മുന്നണികളുടെ ഇഷ്ടക്കാരുടെയും സ്വന്തക്കാരുടെയും വിഹാരരംഗമായിരുന്നു സഹകരണ ബാങ്ക് മേഖല. വ്യാജ രേഖകള്‍ ചമച്ചും ഉടമസ്ഥര്‍ പോലും അറിയാതെ രേഖകള്‍ പണയപ്പെടുത്തി കോടികളാണ് പലരും തട്ടിയെടുത്തത്. ഈ തുകകളാവട്ടെ പാവപ്പെട്ട കര്‍ഷകരുടെ ഉള്‍പ്പെടെയുള്ള നിക്ഷേപവും. സഹകരണ ബാങ്ക് ഇടപാടുകളില്‍ പെട്ട് സംസ്ഥാനത്ത് നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്യേണ്ടിവന്നത്. കോടികളുടെ തട്ടിപ്പ് നടന്നിട്ടും ദുര്‍ബലായ ചിലരെ വേട്ടയാടി വെള്ളാനകളെ രക്ഷിക്കാന്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വങ്ങളും ശ്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് സഹകരണ മേഖലയെ രക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it