Sub Lead

സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി, സതീശന് വ്യക്തതയില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം

സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി, സതീശന് വ്യക്തതയില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വിമര്‍ശനം
X

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനുമെതിരേ വിമര്‍ശനം. ശശി തരൂര്‍ വിവാദം, വിഴിഞ്ഞം സമരം, സര്‍വകലാശാല വിവാദം തുടങ്ങിയ വിഷയങ്ങളും ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായി. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. നെഹ്‌റുവിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ യോഗത്തില്‍ പറഞ്ഞു.

ശശി തരൂര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനമേറ്റുവാങ്ങി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടിയെ സീതീശന്‍ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നിലപാടില്‍ വ്യക്തത വന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും യോഗം വിലയിരുത്തി. ചാന്‍സലര്‍ വിഷയത്തില്‍ ഘടകകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. അവരുടെ കൂടി മറുപടി കണക്കിലെടുത്താണ് പൊതുനിലപാട് എടുത്തതെന്ന് യോഗത്തില്‍ സതീശന്‍ വിശദീകരിച്ചു.

തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ മുരളീധരനും അഭിപ്രായപ്പെട്ടു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്‌നം വഷളാക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി. അതേസമയം, പുസ്തക പ്രകാശനത്തില്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ പി ജെ കുര്യനും യോഗത്തില്‍ വിമര്‍ശനമേല്‍ക്കേണ്ടിവന്നു.

സിപിഎമ്മിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ ലീഗിനെ യോഗം അഭിനന്ദിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ് ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്ക് ലീഗ് മറുപടിയും നല്‍കിയിരുന്നു. ലീഗ് യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ ഉടന്‍തന്നെ സിപിഎമ്മിന് മറുപടി നല്‍കിയതിനെയും നേതാക്കള്‍ പ്രശംസിച്ചു.

സമകാലീന രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എല്ലാ വിഷയങ്ങളും രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് യോഗത്തിനുശേഷം കെ മുരളീധരന്‍ വ്യക്തമാക്കി. ശശി തരൂര്‍ വന്ന ശേഷം പാര്‍ട്ടിക്കുള്ളിലുണ്ടായിട്ടുള്ള വിഭാഗീയത ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. നേതാക്കള്‍ ഇനി എന്തെങ്കിലും പരിപാടി നടത്തുന്നുണ്ടെങ്കില്‍ ജില്ലാ കമ്മിറ്റിയെ അറിയിച്ച് വേണം നടത്താന്‍ എന്ന നിര്‍ദേശം രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it