Sub Lead

ശ്രീലങ്കയില്‍ നാശംവിതച്ച് ബുറേവി; അതീവ ജാഗ്രതയുമായി കേരളം

മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറേവി മുല്ലത്തീവിലെ ട്രിങ്കോമാലിക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് പ്രവേശിച്ചത്.

ശ്രീലങ്കയില്‍ നാശംവിതച്ച് ബുറേവി; അതീവ ജാഗ്രതയുമായി കേരളം
X

കൊളംബോ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറേവി ചുഴലിക്കാറ്റ് ഇന്നലെ ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റോടുകൂടിയാണ് ബുറേവി മുല്ലത്തീവിലെ ട്രിങ്കോമാലിക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെ കരയിലേക്ക് പ്രവേശിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് കിഴക്കന്‍ ശ്രീലങ്കയിലുണ്ടായത്.ജാഫ്‌നയിലെ വാല്‍വെട്ടിത്തുറയില്‍ നിരവധി വീടുകള്‍ തകര്‍ന്നത്.മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് വൈദ്യുതി, റോഡ് ഗതാഗതം സ്തംഭിച്ചു. മുല്ലത്തീവ്, കിള്ളിനോച്ചി മേഖലകളിലും കനത്ത പേമാരിയും കാറ്റും തുടരുകയാണ്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 75,000 പേരെ തീരപ്രദേശത്ത് നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്മാറ്റി. ബുറേല്‍വിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ലങ്കയില്‍ ചിലയിടങ്ങളില്‍ 200 മി. മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ലങ്കന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി അതുല കരുണനായകെ മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകും. അതിതീവ്ര മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങും. പാമ്പനും കന്യാകുമാരിക്കും ഇടയിലൂടെ ഇന്ന് രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ തീരമേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും ബുറേല്‍വിയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തി വരികയാണ്.


Next Story

RELATED STORIES

Share it