Sub Lead

ശിവകുമാറും ഗുലാംനബി ആസാദും പോലിസ് കസ്റ്റഡിയില്‍; യെദ്യൂരപ്പ കര്‍ണാടക ഗവര്‍ണറെ കണ്ടു

അതിനിടെ, വിമത എംഎല്‍എമാരുടെ രാജിക്കത്ത് തള്ളിയ സ്പീക്കര്‍ രമേശ് കുമാറിനെ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു

ശിവകുമാറും ഗുലാംനബി ആസാദും പോലിസ് കസ്റ്റഡിയില്‍; യെദ്യൂരപ്പ കര്‍ണാടക ഗവര്‍ണറെ കണ്ടു
X

മുംബൈ: കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജിക്കത്ത് നല്‍കിയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെ നക്ഷത്ര ഹോട്ടലിനു മുന്നിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിനെ മുംബൈയിലും ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ ബംഗളൂരുവിലും പോലിസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ പ്രവേശിക്കുന്നതിനു വിലക്കിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ചതിനാലാണ് ശിവകുമാറിനെയും കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയെയും ഉള്‍പ്പെടെ പോലിസ് വാഹനത്തില്‍ കസ്റ്റഡിയിലെടുത്ത് കലിന യൂനിവേഴ്‌സിറ്റി റസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയത്. രാവിലെ റിനൈസന്‍സ് ഹോട്ടലിനു മുന്നിലെത്തിയ ശിവകുമാറിനെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞതിനെ തുടര്‍ന്ന് കവാടത്തിനു മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. ശിവകുമാറിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ ഗോബാക്ക് വിളിക്കുകയും പ്രതിരോധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും ചെയ്തതോടെ പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിനിടെ, വിമത എംഎല്‍എമാരുടെ രാജിക്കത്ത് തള്ളിയ സ്പീക്കര്‍ രമേശ് കുമാറിനെ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടുന്ന സംഘം സന്ദര്‍ശിച്ചു. രാജിക്കത്ത് നിരസിച്ച നടപടി ചോദ്യം ചെയ്ത് എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ഇതോടെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സ്പീക്കറുടെ അധികാരത്തില്‍ കൈകടത്തുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ ബംഗളൂരുവില്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it