Sub Lead

ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍നിന്ന് തടഞ്ഞ് സവര്‍ണ ഹിന്ദുക്കള്‍; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തമിഴ്‌നാട്ടിലെ തിരുവല്ലൂര്‍ ജില്ലയിലെ അത്തുപ്പാക്കം പഞ്ചായത്തിലെ വനിതാ പ്രസിഡന്റ് അമൃതത്തിനാണ് കടുത്ത ജാതി വിവേചനം നേരിടേണ്ടിവന്നത്.

ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ ദേശീയ പതാക ഉയര്‍ത്തുന്നതില്‍നിന്ന് തടഞ്ഞ് സവര്‍ണ ഹിന്ദുക്കള്‍; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
X

ചെന്നൈ: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞ് സവര്‍ണ്ണ ഹിന്ദുക്കള്‍. തമിഴ്‌നാട്ടിലെ തിരുവല്ലൂര്‍ ജില്ലയിലെ അത്തുപ്പാക്കം പഞ്ചായത്തിലെ വനിതാ പ്രസിഡന്റ് അമൃതത്തിനാണ് കടുത്ത ജാതി വിവേചനം നേരിടേണ്ടിവന്നത്.

സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ശശികുമാറിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ മഗേശ്വരി പറഞ്ഞു. കൂടാതെ, രണ്ടി ദിവസത്തിന് ശേഷം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ അമൃതം പഞ്ചായത്ത് കൗണ്‍സിലിനു മുമ്പില്‍ പതാക ഉയര്‍ത്തുകയും ചെയ്തു.

തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിദിപൂണ്ടിയിലെ അതുപ്പാക്കം ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അമൃതം. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുന്നതിനായി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപിക അവരെ ക്ഷണിച്ചിരുന്നു. എന്നാല്‍, ദലിതയെന്ന് ആക്ഷേപിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയര്‍ത്താന്‍ അനുവദിക്കാതെ അമൃതത്തെ അപമാനിക്കുകയായിരുന്നു.

ഇതുകൂടാതെ മറ്റുനിരവധി ജാതി വിവേചനവും ഇവര്‍ നേരിട്ടിരുന്നു. ദലിത് വിഭാഗത്തില്‍നിന്നുള്ള അമൃതത്തെ പഞ്ചായത്ത് ഓഫിസിലെ പ്രസിഡന്റിന്റെ സീറ്റിലിരിക്കാന്‍ അനുവദിച്ചിരുന്നില്ല.പഞ്ചായത്ത് അക്കൗണ്ട് പേപ്പറുകള്‍ കാണുന്നത് വിലക്കുന്നതുള്‍പ്പെടെ നിരവധി പ്രതിസന്ധികളും തൊട്ടുകൂടായ്മകളും ഇവര്‍ നേരിട്ടിരുന്നുവെന്ന റിപോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ തമിഴ്‌നാട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ജില്ലാ ഭരണകൂടത്തോട് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി നിഷേധിക്കപ്പെട്ട അമൃതം തിരുവല്ലൂര്‍ കളക്ടര്‍ മഹേശ്വരി, എസ് ബി അരവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ ഓഫിസില്‍ ഉയര്‍ത്തി. കൂടാതെ, പഞ്ചായത്ത് ഓഫീസിലെ സീറ്റിലിരുന്ന് ജോലികള്‍ ചെയ്യുകയും ചെയ്തതായി ജില്ലാ കളക്ടര്‍ മഹേശ്വരി പറഞ്ഞു.അമൃതവുമായി സഹകരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it