Sub Lead

മുംബൈ പോലിസില്‍ ഒറ്റദിവസം 86 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; ക്രൈംബ്രാഞ്ചില്‍നിന്ന് മാറ്റിയത് 65 പേരെ

വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്‌ക്കൊപ്പം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരടക്കം സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

മുംബൈ പോലിസില്‍ ഒറ്റദിവസം 86 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; ക്രൈംബ്രാഞ്ചില്‍നിന്ന് മാറ്റിയത് 65 പേരെ
X

മുംബൈ: പരംബീര്‍ സിങ്ങിന് പകരം പുതിയ മുംബൈ പോലിസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്ച കഴിയുമ്പോള്‍ മുംബൈ പോലിസില്‍ അഴിച്ചുപണി. ഒറ്റദിവസം 86 പോലിസ് ഉദ്യോഗസ്ഥരെയാണ് മുംബൈ പോലിസില്‍ സ്ഥലംമാറ്റിയത്. ഇതില്‍ 65 ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് യൂനിറ്റുകളില്‍നിന്നുള്ളവരാണ്. ഇവരെ വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് അടക്കമാണ് സ്ഥലംമാറ്റി ഉത്തരവായത്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്‌ക്കൊപ്പം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരടക്കം സ്ഥലംമാറ്റം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകീട്ടോടെയാണ് മുംബൈ പോലിസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങിയത്. മുന്‍ മുംബൈ പോലിസ് കമ്മീഷണറായിരുന്ന പരംബീര്‍ സിങ് അഴിമതി ആരോപണമുന്നയിച്ചശേഷം ആദ്യമായാണ് അനില്‍ ദേശ്മുഖ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വാസെയുടെ സഹപ്രവര്‍ത്തകരും അസി. ഇന്‍സ്‌പെക്ടര്‍മാരുമായ റിയാസുദ്ദീന്‍ കാസിയെ ലോക്കല്‍ ആംസ് ഡിവിഷനിലേക്കാണ് മാറ്റിയത്. എന്‍ഐഎയുടെ ചോദ്യംചെയ്യലിന് വിധേയനായ പ്രകാശ് ഹൊവാള്‍ഡിനെ മലബാര്‍ ഹില്‍ പോലിസ് സ്‌റ്റേഷനിലേക്ക്ണ് സ്ഥലംമാറ്റി.

ക്രൈംബ്രാഞ്ചില്‍ പ്രമാദമായ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക്കിലേക്കും ജില്ലയിലെ മറ്റ് സ്‌റ്റേഷനുകളിലേക്കുമാണ് മാറ്റം. അസി. പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മാനെയെ മുലുന്ദ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മുംബൈ അശ്ലീലചിത്ര റാക്കറ്റിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനായ ധീരജ് കോലിയെ ഡോങ്ഗ്രി പോലിസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. കാര്‍ വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്തുന്ന ജഗദീഷ് സൈലിന് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റം. അതിനിടെ, പോലിസുകാരുടെ കൂട്ടസ്ഥലംമാറ്റത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി രംഗത്തുവന്നിട്ടുണ്ട്. തെറ്റ് ചെയ്യാത്തവരെ സ്ഥലംമാറ്റി.

യഥാര്‍ഥ പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. പ്രതിയായ മന്ത്രിയുടെ കാര്യമോ. മന്ത്രിയെ പുറത്താക്കാതെ സര്‍ക്കാരിന് ഇതില്‍നിന്ന് രക്ഷപ്പെടാനാവില്ല. മന്ത്രിയെ എപ്പോള്‍ നീക്കംചെയ്യുമെന്ന് പറയണമെന്നും ബിജെപി വക്താവ് രാം കാദം ചോദിച്ചു. സ്‌ഫോടക വസ്തു കേസിലെ അന്വേഷണത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ചാണ് മുംബൈ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് പരംബീര്‍ സിങ്ങിനെ ഹോം ഗാര്‍ഡിലേയ്ക്ക് സ്ഥലംമാറ്റിയത്. ഇതിനുശേഷമാണ് ആഭ്യന്തരമന്ത്രിക്കെതിരേ ഗുരുതര അഴിമതി ആരോപണവുമായി അദ്ദേഹം രംഗത്തുവന്നത്. ആഭ്യന്തരമന്ത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട് പരംബീര്‍ സിങ് സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it