Big stories

ഇറാന്‍ മുന്‍ പ്രസിഡന്റ് റെയ്സിയുടെ മരണം; ആസൂത്രിതമായി നടപ്പാക്കിയതായി സംശയം: ഇറാന്‍ പാര്‍ലമെന്റ് അംഗം

ഇറാന്‍ മുന്‍ പ്രസിഡന്റ് റെയ്സിയുടെ മരണം; ആസൂത്രിതമായി നടപ്പാക്കിയതായി സംശയം: ഇറാന്‍ പാര്‍ലമെന്റ് അംഗം
X

ടെഹ്‌റാന്‍:ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് ബഖ്ഷയെഷ് ആര്‍ദേസ്താനി പറഞ്ഞു. ഇബ്രാഹിം റെയ്സി ഉപയോഗിച്ചിരുന്ന പേജര്‍ പൊട്ടത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് അഹമ്മദ് ബഖ്ഷയെഷ് ആരോപിക്കുന്നു. റെയ്സി ഒരു പേജര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിക്കപ്പെട്ട പേജറുകളില്‍നിന്ന് വ്യത്യസ്തമായ തരത്തില്‍പ്പെട്ടതാകാം. എന്നാല്‍, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനു പിന്നില്‍ പേജര്‍ സ്ഫോടനം ആകാനുള്ള സാധ്യത വളരെയേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലെബനാനിലെ ഹിസ്ബുല്ലയ്ക്കെതിരേ ഇസ്രായേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ഇറാന്‍ സൈന്യത്തിന്റെ കൂടി അറിവോടെയാണ് ഹിസ്ബുല്ലയ്ക്കുവേണ്ടി പേജറുകള്‍ വാങ്ങിയത്. അതുകൊണ്ടുതന്നെ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അഹമ്മദ് ബഖ്ഷയെഷ പറഞ്ഞു. ഇബ്രാഹിം റെയ്സി പേജര്‍ ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ചില ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് അദ്ദേഹം മരിക്കാനിടയായ ഹെലികോപ്റ്റര്‍ അപകടത്തിന് പേജര്‍ സ്ഫോടനം കാരണമായിട്ടുണ്ടാകാമെന്ന അഭ്യൂഹവും ഉയര്‍ന്നത്.

2024 മേയ് 20-ന് ആണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടത്. അസര്‍ബയ്ജാനുമായിച്ചേര്‍ന്ന അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ബയ്ജാനിലെ ജോഫയില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥമൂലം മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ട്.





Next Story

RELATED STORIES

Share it